സര്‍ക്കാര്‍ ഓഫീസില്‍ സ്ഥിരമായുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കാതെ ഓണ്‍ലൈനായി ലഭ്യമാകണമെന്നും കമ്മീഷണർ.

ഇടുക്കി: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവര്‍ നല്‍കുന്ന സേവനങ്ങളും നിലവിലുള്ള ഫയലുകള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ തുടങ്ങിയ വിവരങ്ങളും എല്ലാവര്‍ക്കും ഏതു നേരവും നെറ്റിലൂടെ ലഭ്യമാകാന്‍ ഉദ്യോഗസ്ഥര്‍ സ്വയം പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീം നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. സര്‍ക്കാര്‍ ഓഫീസില്‍ സ്ഥിരമായുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കാതെ ഓണ്‍ലൈനായി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. 

'വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പിന് പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായോ നവമാധ്യമ സംവിധാനങ്ങള്‍ വഴിയോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ പങ്കെടുക്കാന്‍ അവസരം നല്‍കുകയാണ് ലക്ഷ്യം. ഓരോ ഹിയറിംഗിനു മുമ്പും ബന്ധപ്പെടാനുള്ള ലിങ്ക് അറിയിക്കും. ഡിസംബര്‍ 31നകം ഈ സംവിധാനം പൂര്‍ണ്ണതോതില്‍ നിലവില്‍ വരും.' കമ്മിഷന്‍ ആരംഭിച്ചിട്ടുള്ള ആര്‍.ടി.ഐ. പോര്‍ട്ടല്‍ വഴി രണ്ടാം അപ്പീലും പരാതി ഹരജികളും ഫീസില്ലാതെ സമര്‍പ്പിക്കാമെന്നും കമ്മിഷണര്‍ അറിയിച്ചു.

ഓരോ ഓഫീസിലെയും വിവരാവാകാശ ഓഫീസര്‍മാരുടെയും ഒന്നാം അപ്പീലധികാരികളുടെയും പേരും ഔദ്യോഗിക വിലാസവും ഇ മെയില്‍ ഐ.ഡിയുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ സംസ്ഥാന വിവരാവകാശക്കമ്മീഷന് 15 ദിവസത്തിനകം ഓണ്‍ലൈനായി കൈമാറണം. ഇതിന്റെ പകര്‍പ്പ് പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ലഭ്യമാക്കണമെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. വിവരാവകാശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോകുമ്പോള്‍ ആ കാര്യവും പുതിയ ഓഫീസറുടെ വിവരവും അതത് സമയം കമ്മിഷനെ അറിയിക്കണമെന്നും കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. 

'പൊതുജനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവരാവകാശനിയമം നടപ്പാക്കുന്നതില്‍ സൗഹൃദ സമീപനം സ്വീകരിക്കണം. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുന്ന കാര്യത്തില്‍ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകണം. മിക്ക ഓഫീസുകളില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കാതെ 30 ദിവസം കഴിയാന്‍ കാത്തുനില്‍ക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. അപേക്ഷ ലഭിച്ചാല്‍ ലഭ്യമായ വിവരങ്ങള്‍ എത്രയും വേഗം നല്‍കണം.' വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ചില അപേക്ഷകര്‍ക്കുണ്ടെന്നും ഇത് കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ ഉദ്യോഗസ്ഥരുടെ സമയം ദുര്‍വിനിയോഗം ചെയ്യാനുള്ള ഉപാധിയായി കാണാതെ പൊതുജനങ്ങള്‍ ഗുണപ്രദമായി പ്രയോജനപ്പെടുത്തണമെന്നും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. 

നവകേരള സദസ്: ലഭിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയിലെന്ന പ്രചരണം, എന്താണ് വസ്തുത?

YouTube video player