Asianet News MalayalamAsianet News Malayalam

വഖഫ് ബോര്‍ഡ്; ലീഗിന്‍റ അവകാശവാദം ജാള്യം മറക്കാനെന്ന് ഐഎന്‍എല്‍, തീരുമാനം സ്വാഗതാര്‍ഹമെന്ന് ജമാ അത്തെ ഇസ്ലാമി

 വഖഫ് നിയമ ഭേദഗതി സഭയില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ എതിര്‍ക്കാതിരുന്ന മുസ്ലിം ലീഗ്, പിന്നീട് വിഷയം ആളിക്കത്തിച്ച് സമുദായ വികാരം ഉണര്‍ത്താനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം അമ്പേ പരാജയപ്പെടുകയാണുണ്ടായത് എന്നും ഐഎന്‍എല്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
 

inl reaction to  government decision about waqf board appointment
Author
Calicut, First Published Jul 21, 2022, 9:51 AM IST

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനു പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നും പാര്‍ട്ടി നടത്തിയ പോരാട്ടത്തിന്‍റെ ഫലമാണെന്നുമുള്ള മുസ്ലിം ലീഗിന്‍റെ അവകാശവാദം പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരം സൃഷ്ടിച്ച ജാള്യം മറച്ചുപിടിക്കാനുള്ള വിഫല ശ്രമമാണെന്ന് ഐ.എന്‍.എല്‍.  വഖഫ് നിയമ ഭേദഗതി സഭയില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ എതിര്‍ക്കാതിരുന്ന മുസ്ലിം ലീഗ്, പിന്നീട് വിഷയം ആളിക്കത്തിച്ച് സമുദായ വികാരം ഉണര്‍ത്താനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം അമ്പേ പരാജയപ്പെടുകയാണുണ്ടായത് എന്നും ഐഎന്‍എല്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമസ്ത നേതാക്കളായ ജിഫ്രിമുത്തുക്കോയ തങ്ങളും കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാരും ഈ വിഷയത്തില്‍ സ്വീകരിച്ച പ്രായോഗികവും നിഷ്പക്ഷവുമായ നിലപാട്, പള്ളിക്കകത്ത് പോലും സര്‍ക്കാര്‍ വിരുദ്ധ വികാരം ഉയര്‍ത്താനുള്ള ലീഗ് ശ്രമം പരാജയപ്പെടുത്തി. മുസ്ലിം മത-സാംസ്കാരിക നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് സത്യസന്ധമായി പാലിച്ചത് ഇടതുസര്‍ക്കാരിന്‍റെ തത്ത്വാധിഷ്ഠിത നിലപാടാണ് എടുത്തുകാട്ടുന്നത്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട വിഭാഗത്തിന് ആശങ്കയുണ്ടെങ്കില്‍ അത് ദൂരീകരിക്കണം. 

വിഷയം വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് അവസരം നല്‍കരുതെന്നുമുള്ള ഐ.എന്‍.എല്ലിന്‍റെ ഉറച്ച നിലപാട് ഉത്തരവാദപ്പെട്ട വേദികളിലെല്ലാം ആവര്‍ത്തിച്ചതാണ്. വഖഫ് നിയമനങ്ങള്‍ കുത്തകയാക്കിവെച്ച ലീഗിന്‍റെ   രീതി തുടരാന്‍ അനുവദിക്കരുതെന്നും ദേവസ്വം ബോര്‍ഡിലേത് പോലെ സ്വന്തമായി ഒരു നിയമന സംവിധാനമാണ് വഖഫ് ബോര്‍ഡിന് വേണ്ടതെന്നും ഐ.എന്‍.എല്‍ നേതാക്കള്‍  പറഞ്ഞു.

Read Also; 'വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടില്ല, നിയമഭേദഗതി കൊണ്ടുവരും': മുഖ്യമന്ത്രി

അതേസമയം, വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട നടപടി തെറ്റായിരുന്നുവെന്ന തിരിച്ചറിവും നടപടി പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ സന്നദ്ധതയും സ്വാഗതാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. മുഴുവന്‍ മുസ്‌ലിം സമുദായസംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായ വ്യാപകമായ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോയത്. നിയമനം പി എസ് സിക്ക് വിടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന സര്‍ക്കാര്‍ നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടി വഖഫ് ബോര്‍ഡിനെ കുറിച്ച് തെറ്റായ പ്രചാരണം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നടത്തുകയുണ്ടായി.  പൊതുസമൂഹത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രതിഛായയെ ഇത് ദോഷകരമായി ബാധിച്ചു. വഖഫ് ബോര്‍ഡില്‍ വഴിവിട്ട നിയമനങ്ങള്‍ നടക്കുന്നുവെന്നും സമുദായം അനര്‍ഹമായത് നേടിയെടുക്കുന്നുവെന്നുമുള്ള പ്രതീതി സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടു. ഈ പരിക്കുകളെല്ലാം സമൂഹത്തില്‍ സൃഷ്ടിച്ച ശേഷമാണ് തിരുത്തല്‍ നടപടിക്ക് സന്നദ്ധമാവുന്നത്. നിയമനം പി എസ് സിക്ക് വിടാനുള്ള റെഗുലേഷന്‍ ഭേദഗതി ബോര്‍ഡ് തള്ളിയെങ്കിലും പിന്നീട് സര്‍ക്കാര്‍ സമ്മര്‍ദത്തോടെ വീണ്ടും അവതരിപ്പിച്ച് പാസാക്കുകയായിരുന്നു.

Read Also: 'വഖഫ് സംരക്ഷണ റാലി വിജയം കണ്ടു'; സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു മുസ്ലീം ലീഗ്
    
സമുദായ സംഘടനകളുമായി കൂടിയാലോചിച്ച് മാത്രമേ വഖഫ് ബോര്‍ഡ് വിഷയത്തില്‍ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ നിയമവുമായി മുന്നോട്ട് പോകുമെന്ന നിലപാട് സ്വീകരിച്ചതും പ്രതിഷേധത്തിനടയാക്കിയിരുന്നു. ഒരു ജനാധിപത്യ സര്‍ക്കാരിന് ഇതെല്ലാം ബോധ്യപ്പെടേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍,  സര്‍ക്കാര്‍ മറ്റ് താല്‍പര്യങ്ങളുടെ പിറകെ പോയതിനലാണ് തിരുത്തല്‍ നടപടി ഏറെ വൈകിയതെന്നും എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios