ദേശീയ നേതൃത്വത്തെ  അംഗീകരിക്കാത്ത  വഹാബ് പക്ഷത്തെ ഇനി കൂടെ കൂട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി. ദേവര്‍ കോവില്‍ മുന്നണി നിര്‍ദ്ദേശം അവഗണിച്ചെന്ന് എപി അബ്ദുള്‍ വഹാബും തിരിച്ചടിച്ചു. 

കോഴിക്കോട്: ഒന്നിച്ചു നില്‍ക്കണമെന്ന ഇടതുമുന്നണിയുടെ (LDF) നിര്‍ദ്ദേശം തള്ളി ഐഎന്‍എൽ (INL). ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത വഹാബ് പക്ഷത്തെ ഇനി കൂടെ കൂട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി. ദേവര്‍ കോവില്‍ മുന്നണി നിര്‍ദ്ദേശം അവഗണിച്ചെന്ന് എപി അബ്ദുള്‍ വഹാബും തിരിച്ചടിച്ചു. 

ഐഎന്‍എല്‍ രണ്ട് വിഭാഗങ്ങളും വെവ്വേറെ യോഗം ചേര്‍ന്നാണ് നിലപാട് കടുപ്പിച്ചത്. അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയില്‍ ഔദ്യോദിക പക്ഷം വിളിച്ച യോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉള്‍പ്പെടെ 45 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സിലെ ചിലരാണ് എപി അബ്ദുള്‍ വഹാബിനൊപ്പം നിന്ന് കുഴപ്പമുണ്ടാക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ ആരോപിച്ചു. 

ഭിന്നിച്ച് നില്‍ക്കരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിക്കുന്നതാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ പ്രവര്‍ത്തനമെന്ന് എപി അബ്ദുള്‍ വഹാബ് കുറ്റപ്പെടുത്തി. 

ഐഎന്‍എല്ലിലെ തര്‍ക്കം ഇടതുമുന്നണിയെ ചൊടിപ്പിച്ചിട്ടുണ്ട്. മുന്നണി നിര്‍ദ്ദേശം അവഗണിച്ച് ഇരുപക്ഷവും മുന്നോട്ട് പോകുന്നതില്‍ സിപിഎമ്മിനും അതൃപ്തിയിലാണ്. അടുത്ത ഇടതുമുന്നണി യോഗത്തിലേക്ക് ഐഎന്‍എല്‍നേതാക്കളെ ക്ഷണിച്ചിട്ടില്ല. പകരം മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനോട് പങ്കെടുക്കാനാണ് നിര്‍ദ്ദേശം.