തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഐടി വകുപ്പിലെ നിയമനങ്ങൾ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും. കെഎസ്ഐടിഐഎല്ലിൽ അടക്കം നടത്തിയ മുഴുവൻ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നൽകിയ നിർദ്ദേശപ്രകാരമാണ് നടപടി. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തിന് പിന്നിൽ ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ശുപാർശയുണ്ടായിരുന്നുവെന്ന് വ്യക്തമായതിന് പിന്നാലെയാണിത്.

ഐടി വകുപ്പിലെ മുഴുവൻ നിയമനങ്ങളും ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കണം. സുതാര്യമായാണ് നിയമനങ്ങൾ നടത്തിയതെന്ന് ഉറപ്പുവരുത്താനാണിത്. ഉദ്യോഗാർത്ഥികൾ സമർപ്പിച്ച രേഖകളടക്കം പരിശോധിക്കാനും സർക്കാർ ഉത്തരവിൽ ആവശ്യപ്പെടുന്നു. സ്വർണ്ണക്കടത്തിൽ കുറ്റാരോപിതനായ ശിവശങ്കറിന് എതിരെ ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്ന് അന്വേഷണം നടത്തിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഇവരുടെ റിപ്പോർട്ടിലാണ് ശിവശങ്കർ നിയമം തെറ്റിച്ചും പ്രോട്ടോക്കോൾ ലംഘിച്ചും സ്വപ്നയുടെ നിയമനത്തിൽ ഇടപെട്ടിരുന്നുവെന്ന് വ്യക്തമായത്.

ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് ഓപ്പറേഷൻസ് മാനേജറായി നിയമിച്ചതിന് പിന്നിൽ ശിവശങ്കർ നൽകിയ ശുപാർശയുണ്ടായിരുന്നു. യുഎഇ കോൺസുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്നയുടെ നിയമനം പിഡബ്ല്യുസി വഴിയെന്നായിരുന്നു സിപിഎം നേതാക്കളടക്കം വിശദീകരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്നലെ ഇവർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിരുന്നു.

കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ നേരിൽ ബന്ധം സ്ഥാപിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇതോടെയാണ് ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ശിവശങ്കറിന് എതിരെ വകുപ്പുതല അന്വേഷണം തുടരുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.