നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ പത്താം ദിവസവും തുടരുന്നു. അമ്മയുടെ പ്രതിഷേധത്തിനും സുരേഷ് ഗോപിയുടെ ഇടപെടലിനും പിന്നാലെ നാവികസേനയും കോസ്റ്റ് ഗാർഡും ഉൾപ്പെടെ തെരച്ചിൽ ഊർജിതമാക്കി. കരുനാഗപ്പള്ളിയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിനായി പ്രത്യേക ഹെലിപാഡും സജ്ജമാക്കിയിട്ടുണ്ട്.
കൊല്ലം: നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ തുടരുന്നു. കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠം ഗ്രൗണ്ടിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിനായി പ്രത്യേക ഹെലിപാഡ് നിർമിച്ചു. ഇന്ധനം നിറയ്ക്കാൻ ഐഒസിയുടെ സഹായവും ഉറപ്പാക്കി. ഗൗതമിനെ തിരയാൻ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി എന്ന കപ്പലും നീണ്ടകരയിൽ എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഇടപെടലിലാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. തെരച്ചിലിന് നേവിയെ എത്തിച്ചതിൽ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപിക്ക് നന്ദി പറയുന്നുവെന്നും ഗൗതമിന്‍റെ അമ്മ രേഷ്മ പ്രതികരിച്ചു.
മത്സ്യബന്ധന വള്ളം മറിഞ്ഞ് ഗൗതമിനെ കാണാതായിട്ട് 10 ദിവസമായി. യുവാവിൻ്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് തെരച്ചിൽ ഊർജിതമാക്കിയത്. നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ആദ്യം രേഷ്മയുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല. തെരച്ചിൽ നടത്തുന്നതിൽ കുടുംബം ആവശ്യം ഉന്നയിക്കാൻ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് അമ്മ ചർച്ചയിൽ നിന്ന് ഇറങ്ങി പോയി. വിദഗ്ധ സംഘം തെരച്ചിൽ നടത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഗൗതത്തിൻ്റെ അച്ഛനും മുത്തച്ഛനും നേരത്തെ ഒരു അപകടത്തിൽ മരിച്ചിരുന്നു.
സുരേഷ് ഗോപിയുടെ കുറിപ്പ്
"എന്റെ മകനെ കണ്ടെത്താൻ സാർ എന്നെ സ്വന്തം പെങ്ങളായി കരുതി ഒപ്പമുണ്ടാകണം" — നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണ എന്ന പ്രിയപ്പെട്ട മകനെ ഓർത്ത്, ആ അമ്മ നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് വിളിച്ചപ്പോള്‍, ആ വാക്കുകൾ എന്നെ വല്ലാതെ പിടിച്ചുലച്ചു. ഒരു ജനപ്രതിനിധി എന്നതിലുപരി ഒരു സഹോദരനായി ഞാൻ ആ അമ്മയ്ക്ക് കൊടുത്ത വാക്കാണിത്; എന്റെ സ്വന്തം പെങ്ങളായി കരുതിയിരിക്കുന്നു ഈ ചേട്ടൻ, നിങ്ങളുടെ കൂടെത്തന്നെ കാണും! ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും.
കടലിൽ മീൻപിടുത്ത തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ തിരമാലകളിൽ പെട്ട് മറിഞ്ഞാണ് ഈ ദാരുണമായ അപകടം സംഭവിക്കുന്നത്. ആ അവിശ്വസനീയമായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ആ കുടുംബം ഇനിയും മോചിതരായിട്ടില്ല. അന്ന് മുതൽ ഉറക്കമില്ലാത്ത രാപ്പകലുകൾ... ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ഓരോ നിമിഷവും ഞാൻ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്. തിരച്ചിൽ ഏതെങ്കിലും കാരണത്താൽ മന്ദഗതിയിലാകാൻ ഞാൻ അനുവദിക്കില്ല. സർവ്വ സന്നാഹങ്ങളും കടലമ്മയുടെ മാറിൽ ഇപ്പോൾ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർ അടങ്ങിയ കപ്പൽ ഇപ്പോള്‍ വീണ്ടും കടലിൽ അടിയന്തര തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ ആകാശമാർഗ്ഗേണ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ നിർണ്ണായക ദൗത്യത്തിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ഓയിലും എടിഎഫും ഒപ്പമുണ്ട്. ആവശ്യമായ ഇന്ധനവും സജ്ജീകരണങ്ങളും തടസ്സമില്ലാതെ ഉറപ്പാക്കാൻ അവരും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തുണ്ട്. മാത്രമല്ല, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അമൃതപുരിയിൽ കോളേജ് അധികൃതരുടെ സഹകരണത്തോടെ പുതിയ എമർജൻസി ഹെലിപാഡും അടിയന്തരമായി സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവരെ, ആ അമ്മയുടെ പ്രതീക്ഷയാണ് ഏറ്റവും വലുത്. ഭരണകൂടത്തിന്റെ കരുത്തും നമ്മുടെ കൂട്ടായ പ്രാർത്ഥനയും ഒന്നുചേരുമ്പോൾ ആ കുട്ടി തിരികെ വരുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ആ അമ്മയുടെ കണ്ണീരൊപ്പാൻ അവസാന ശ്വാസം വരെ ഞാൻ ഒപ്പമുണ്ടാകും. പ്രതീക്ഷ കൈവിടില്ല... നമ്മൾ പോരാടും!

