Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ ജയില്‍ പരിസരം കിളച്ച് പരിശോധന; മഴുവും കത്തികളും കണ്ടെത്തി, കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം

ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടുകിട്ടിയത്. വര്‍ഷങ്ങളായി ഇവിടെ സൂക്ഷിച്ച ആയുധങ്ങളാണ് ഇവയെന്നാണ് നി​ഗമനം. 

inspection in kannur central jail many weapons and phones caught
Author
Kannur, First Published Sep 19, 2021, 11:45 AM IST

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാരകായുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ജയിൽ ഡിജിപിയുടെ നിർദേശ പ്രകാരം സെൻട്രൽ ജയിൽ പരിസരത്ത് നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയിൽ ഉപകരണങ്ങൾ കണ്ടെത്തിയത്. കേരളത്തിലെ ജയിലുകളിൽ തടവുകാർ മൊബൈൽ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എല്ലാ ജയിലുകളിലും കർശന പരിശോധനക്ക് ‍ഡിജിപി നിർദേശം നൽകിയത്. കഴിഞ്ഞ ആഴ്ച്ച മുതൽ കണ്ണൂർ സെന്‍ട്രൽ ജയിലിലും പരിശോധന തുടങ്ങിയിരുന്നു. 

തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ ആദ്യം തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ  മുതലാണ് ജയിൽ വളപ്പ് കിളച്ച് പരിശോധന തുടങ്ങിയത്. ജില്ലാ ജയിലിലെയും, സ്പെഷ്യൽ സബ് ജയിലിലെയും സെൻ‍ട്രൽ ജയിലിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തിയത്. സിം കാർഡില്ലാത്ത രണ്ട് മൊബൈൽ ഫോണ്‍, നാല് പവർ ബാങ്ക്, അഞ്ച് ചാർജറുകൾ, രണ്ട് കത്തി, മഴു, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പൽ എന്നിവയാണ് ആദ്യ ദിവസം കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളാണ് കിട്ടിയത്. വർഷങ്ങൾക്ക് മുമ്പേ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. ആയുധങ്ങള്‍ അടക്കം കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽ വളപ്പിൽ വ്യാപക പരിശോധന നടത്താനാണ് തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios