കൊച്ചി നഗരത്തിൽ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി ടെലികോം വകുപ്പ് നൽകിയ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. തൃക്കാക്കരയ്ക്ക് സമീപം ജഡ്ജി മുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലുമാണ് ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്.
കൊച്ചി: കൊച്ചി നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. വിദേശത്തു നിന്നും വരുന്ന ടെലിഫോൾ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കൾക്ക് എത്തിക്കുയാണ് ഇവരുടെ രീതി.
കൊച്ചി നഗരത്തിൽ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി ടെലികോം വകുപ്പ് നൽകിയ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. തൃക്കാക്കരയ്ക്ക് സമീപം ജഡ്ജി മുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലുമാണ് ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. തൃക്കാക്കരയിൽ നിന്നും ഒരു കമ്പ്യൂട്ടറും രണ്ടു മോഡവും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തു.
തൊടുപുഴ വണ്ണപ്പുറം സ്വദേശിയാണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലും വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുറിയിൽ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
വിദേശത്തു നിന്നും വരുന്ന ടെലിഫോൺ കോളുകൾ ഇൻർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പരില്‍ നിന്നും ലഭിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ഇവർ ചെയ്തിരുന്നത്. ഏത് രാജ്യത്തു നിന്നുള്ള വിളിയാണെന്നു പോലും കണ്ടെത്താൻ കഴിയാത്തതിനാൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും ഉപയോഗിച്ചാൽ പോലും കണ്ടെത്താന്‍ കഴിയില്ല. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സർക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികള്‍ക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും. തൃക്കാക്കരയിൽ പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
