Asianet News MalayalamAsianet News Malayalam

പക്ഷിപ്പനി: കോഴികളെ കൊന്ന് തുടങ്ങി, ചിക്കന്‍ സ്റ്റാളുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം

നഗരസഭ പരിധിയിൽ നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോഴിയിറച്ചി വിൽപ്പന നടത്തരുതെന്നും ഉത്തരവ്

instruction to close chicken stall due to bird flu
Author
Kozhikode, First Published Mar 8, 2020, 5:52 PM IST

മുക്കം: കോഴിക്കോട് മുക്കം മുൻസിപ്പാലിറ്റി പരിധിയിലെ മുഴുവൻ കോഴി ഫാമുകളും ചിക്കൻ സ്റ്റാളുകളും മുട്ട വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടാൻ നഗരസഭ ഉത്തരവ്. തൊട്ടടുത്ത കൊടിയത്തൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്. അലങ്കാര പക്ഷികളെ വിൽക്കുന്ന കേന്ദ്രങ്ങളും അടച്ചിടണം. നഗരസഭ പരിധിയിൽ നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോഴിയിറച്ചി വിൽപ്പന നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. 

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് കോർപ്പറേഷനിലും കൊടിയത്തൂർ പഞ്ചായത്തിലും കോഴികളെ കൊന്ന് തുടങ്ങി. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊല്ലുന്നത്. ആളുകളിലേക്ക് രോഗം വ്യാപിക്കാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശീലനം നേടിയ അഞ്ചുപേരടങ്ങുന്ന 25 സംഘങ്ങളാണ് വേങ്ങേരി ചാത്തമംഗലം കൊടിയത്തൂർ മേഖലകളിൽ കോഴികളെ കൊല്ലുന്നത്. 

രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും മൂന്ന് ദിവസത്തിനുള്ളിൽ കൊന്ന് കത്തിച്ച് കളയും. അഞ്ചര അടി താഴ്ചയില്‍ കുഴിയെടുത്താണ് പക്ഷികളെ കത്തിക്കുന്നത്. 13000 ത്തിലധികം വളർത്തു പക്ഷികളെയാണ് കൊല്ലേണ്ടി വരിക. കോഴി നഷ്ടപ്പെട്ട മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം നൽകും എന്നാണ് കൊടിയത്തൂർ പഞ്ചായത്ത് ചേർന്ന് പ്രാദേശിക ജനപ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടര്‍ നൽകിയ ഉറപ്പ്. രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എങ്കിലും പക്ഷി പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍  നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios