തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിർദേശം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ നിർദേശം. ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് നിർദേശം നൽകിയത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 9 വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപികയേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുൻപ് ശ്വാസം മുട്ടല്‍ വരാറുള്ള ഒരു കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിലെ ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഒൻപത് വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.