Asianet News MalayalamAsianet News Malayalam

'മുത്തൂറ്റി'ൽ ഇന്ന് സമവായ ചർച്ച: മാനേജ്മെന്‍റ് പ്രതിനിധികൾ എത്തുമെന്ന് പ്രതീക്ഷ

മന്ത്രി ടിപി രാമകൃഷ്ണന്‍റെ സാന്നിധ്യത്തിൽ വൈകിട്ട് കൊച്ചിയിലാണ് യോഗം. സമരത്തിലുളള തൊഴിലാളി പ്രതിനിധികളെയും മാനേജ്മെന്‍റ് പ്രതിനിധികളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 

interlocutor meeting in muthoot issue
Author
Thiruvananthapuram, First Published Sep 9, 2019, 6:47 AM IST

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഇന്ന് ചർച്ച. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍റെ സാന്നിധ്യത്തിൽ വൈകിട്ട് 3 മണിക്ക് കൊച്ചിയിലാണ് യോഗം. സമരത്തിലുളള തൊഴിലാളി പ്രതിനിധികളേയും മാനേജ്മെന്‍റ് പ്രതിനിധികളേയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ മാനേജ്മെന്‍റ് പ്രതിനിധികളെത്താതിരുന്നതിനാൽ ചർച്ച പരാജയപ്പെടുകയായിരുന്നു.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാർ കുത്തിയിരുന്നപ്പോൾ, 'ജോലിയെടുക്കാൻ അവകാശ'മുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എംഡിയടക്കം മറുവശത്ത് കുത്തിയിരുന്നു. 

സമരത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരെ നൽകിയ ഹ‍ർജിയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. 

ഈ സാഹചര്യത്തിലാണ് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും മുത്തൂറ്റിൽ സമവായ ചർച്ച വിളിക്കുന്നത്. മാനേജ്മെന്‍റ് പ്രതിനിധികൾ യോഗത്തിനെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതേസമയം, ഇന്നലെ ആലപ്പുഴ പുന്നപ്ര മുത്തൂറ്റ് ബ്രാഞ്ച് മാനേജരെ സിഐടിയു ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി പി പവനൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയർന്നിരുന്നു. ഇനിയും ബ്രാഞ്ച് തുറന്നാൽ മുട്ടിലിഴഞ്ഞു വീട്ടിൽ പോകേണ്ടി വരുമെന്നും ഓണം കാണില്ലെന്നുമായിരുന്നു ഭീഷണിയെന്ന് ബ്രാഞ്ച് മാനേജർ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പുന്നപ്രയിലെ മുത്തൂറ്റ് ബ്രാഞ്ച് തുറക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ജീവനക്കാരും ഇടപാടുകാരും സിഐടിയു പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. അന്ന് ഇടപാടുകാരുടെ ആവശ്യപ്രകാരം ബ്രാഞ്ച് തുറന്നു പ്രവർത്തിക്കാൻ പോലീസ് അനുമതി നൽകി. ഇതിനു പിന്നാലെ ശനിയാഴ്ച ശാഖ തുറന്നതോടെയാണ് സിഐടിയു നേതാവ് പ്രകോപിതനായതെന്നാണ് ബ്രാഞ്ച് മാനേജറുടെ ആരോപണം.

കൈനകരി സ്വദേശിയാണെന്ന് അറിയാമെന്നും സംഘടന കൃത്യമായി ലക്ഷ്യം വെച്ചിട്ടുണ്ടെന്നും നേതാവ് മാനേജറോട് പറയുന്നതായി ഒരു ഓഡിയോ ക്ലിപ്പും മുത്തൂറ്റ് മാനേജർ പുറത്തുവിട്ടു. പാർട്ടി ജില്ലാ സെക്രട്ടറി അംഗവും മത്സ്യഫെഡ് ചെയർമാനുമായ പി പി ചിത്തരഞ്ജന്‍റെ സഹോദരനാണ് പവനൻ. അതേസമയം, ഓഡിയോ സംഭാഷണം തന്‍റേതല്ലെന്നാണ് പി പി പവനന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios