കോഴിക്കോട്: മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിൽ പൊട്ടിത്തെറി. പാർട്ടിയിലെ അധികാരകേന്ദ്രമായ പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെതിരെ പ്രതിഷേധിച്ച മലപ്പുറം എംഎസ്എഫ്  ജില്ലാപ്രസിഡണ്ടിനെ  നീക്കം ചെയ്തു. കൂടുതൽ പേർക്കെതിരെ നടപടിക്ക് ശുപാർശയുണ്ട്.

എംഎസ്എഫ് സംസ്ഥാന കൗൺസിലിലിൽ പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും  തെരഞ്ഞെടുക്കുന്നതിനെചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് മലപ്പുറം ജില്ലാ പ്രസിഡണ്ട് റിയാസ് പുൽപ്പറ്റയെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്തത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂടിയായ ഉന്നതാധികാരസമിതിയംഗം പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശപ്രകാരമാണ് നടപടി. തന്നെ അറിയിക്കാതെയാണ് നടപടിയെന്ന് റിയാസ് പ്രതികരിച്ചു.

പികെ ഫിറോസുമായി അടുപ്പം പുലർത്തുന്ന നേതാവാണ് റിയാസ്. കൗൺസിലിലെ ഭുരിപക്ഷത്തിന്റെ താല്പര്യമനുസരിച്ച് വേണം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പെന്നായിരുന്നു ഇവരുടെ നിലപാട്. നിഷാദ് കെ സലീമിനെയാണ്  ഫിറോസ് പക്ഷം നിർദ്ദേശിച്ചത്. എന്നാൽ ബി കെ നവാസിനെ അധ്യക്ഷനാക്കണമെന്നായിരുന്നു സാദിഖലി തങ്ങളുടെ നിലപാട്.  തർക്കത്തെത്തുടർന്ന് റിട്ടേണിംഗ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. 

ഭാരവാഹി തെരഞ്ഞെടുപ്പ് മുടങ്ങിയതോടെയാണ് നടപടിയെടുക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. കോഴിക്കോട് ജില്ലാ അധ്യക്ഷൻ അഫ്നാസിനെതിരെയും നടപടിക്കു ശുപാർശയുണ്ട്. ലീഗ്  നേതാക്കൾ ചേരി തിരിഞ്ഞ് എംഎസ്എഫ് സംഘടനാ തെരഞ്ഞെടുപ്പിലിടപെട്ടതും അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതും പാർട്ടിക്കുള്ളിൽ തർക്കവിഷയമായി മാറിയിട്ടുണ്ട്.