കാസര്‍ഗോഡ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. സംസ്ഥാന നേതൃത്വം അടിച്ചേല്‍പിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് മഞ്ചേശ്വരത്തെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും. ബുധനാഴ്ച വൈകിട്ട് മലപ്പുറത്ത് ഹൈദരലി തങ്ങള്‍ ഖമറൂദ്ദീനെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ ഉപ്പള ലീഗ് ഓഫീസില്‍ ചേര്‍ന്ന മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടക്കുന്ന അവസ്ഥയായിരുന്നു. 

യോഗത്തില്‍ പ്രവര്‍ത്തകരുടെ കടുത്ത വിമര്‍ശനം നേരിട്ട മഞ്ചേശ്വരം ലീഗ് മണ്ഡലം പ്രസിഡന്‍റ് ടിഎ മൂസ രാജിസന്നദ്ധത അറിയിച്ചു. നേതൃത്വത്തെ പ്രാദേശിക വികാരം അറിയിക്കുന്നതില്‍ പരാജയപ്പെട്ട നേതൃത്വത്തിന്‍റെ കഴിവുക്കേടില്‍ പ്രതിഷേധിച്ച് മണ്ഡലം സെക്രട്ടറി ആരിഫ് രാജി വച്ചു.  യോഗത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തു. 

ഒരു ഘട്ടത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മണ്ഡലം ഭാരവാഹിയെ മത്സരിപ്പിക്കണമെന്ന് പ്രവര്‍ത്തകരില്‍ നിന്നും നിര്‍ദേശം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് സഹകരിക്കില്ലെന്ന നിലപാടാണ് മറ്റൊരു വിഭാഗം സ്വീകരിച്ചത്. മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം പരിഗണിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കരുതെന്നും കെപിഎ മജീദിനോട് ഒരു വിഭാഗം ആവശ്യപ്പെട്ടു. മണ്ഡലത്തിൽ നിന്നുള്ള ആൾ സ്ഥാനാർഥിയായി വന്നില്ലെങ്കിൽ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പൂർണമായും രാജിവെക്കണമെന്നും അഭിപ്രായം ഉയര്‍ന്നു

ഒടുവില്‍ സംസ്ഥാനകമ്മിറ്റിയുമായി ചര്‍ച്ച നടത്തി പ്രാദേശിക വികാരം ധരിപ്പിക്കുമെന്നും ഇതിനുശേഷം മാത്രം മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ മതിയെന്നുമുള്ള ധാരണയിലാണ് യോഗം പിരിഞ്ഞിരിക്കുന്നത്. മഞ്ചേശ്വരത്ത് നിലവില‍ുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി തെര‍ഞ്ഞെടുപ്പ് ചുമതലയുള്ള പികെ കുഞ്ഞാലിക്കുട്ടി നേരിട് ഇടപെടും എന്നാണ് വിവരം. പിണങ്ങി നില്‍ക്കുന്ന ഇരുവിഭാഗത്തോടും അടുത്ത ബന്ധമുള്ള കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.