ആശുപത്രിയിൽ വച്ച് 15കാരിയോട് മോശമായി പെരുമാറിയ ഡോക്ടർക്കെതിരെ പോക്സോ അട്ടമറിച്ചുവെന്ന ഗുരുതരമായ കണ്ടെത്തൽ പോലും അട്ടിമറിച്ചു. പ്രതിയായ ഡോക്ടറെ സനോജ് അറസ്റ്റ് ചെയ്തില്ല


തിരുവനന്തപുരം: വിദേശ വനിതക്കെതിരായ അതിക്രമക്കേസ് അട്ടിമറിച്ചതിന് സസ്പെൻഷനിലായ വ‍ർക്കല സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടർ സനോജിനെതിരായ നിരവധി അന്വേഷണ റിപ്പോ‍ർട്ടുകളാണ് മുമ്പ് അട്ടിമറിക്കപ്പെട്ടത്. പോക്സോ കേസിൽ നിന്നും പിൻമാറാൻ പരാതിക്കാരെ സ്വാധീനിച്ചതും, വർക്കല റിസോർട്ടിലെ ലഹരിക്കേസുകളിൽ കൃത്രിമം നടത്തിയതും ഉള്‍പ്പെടെ എസ്പി നൽകിയ റിപ്പോർട്ടും സ്പെഷ്യൽ ബ്രാ‌ഞ്ച് റിപ്പോർട്ടുകളുമാണ് ഉന്നതങ്ങളിൽ പൂഴ്ത്തിയത്.

റഷ്യൻ വനിതയെ മുൻ ഭർത്താവ് ആക്രമിച്ച കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് റൂറൽഎസ്പി നിർദ്ദേശപോലും മറികടന്ന് പ്രതിക്ക് അനുകൂലമായ നിലപാടാണ് വർക്കല മുൻ എസ്എച്ച്ഒ സനോജ് സ്വീകരിച്ചത്. വിദേശ വനിത പരാതിയുമായി ഡിജിപിയെ സമീപിച്ചതിനെ തുടർന്നാണ് കേസിലെ അട്ടിമറി അക്കമിട്ട് നിരത്തി റൂറൽ എസ്പി ശിൽപ്പ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥിവാണ് സനോജിനെ സസ്പെന്റ് ചെയ്തത്. എന്നാൽ സനോജ് കേസുകള്‍ അട്ടിമറിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതും നിരവധി റിപ്പോർട്ടുകള്‍ ഇതിനു മുമ്പും ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിട്ടും അട്ടിമറിക്കപ്പെടുകയായിരുന്നു. 

ആശുപത്രിയിൽ വച്ച് 15കാരിയോട് മോശമായി പെരുമാറിയ ഡോക്ടർക്കെതിരെ പോക്സോ അട്ടമറിച്ചുവെന്ന ഗുരുതരമായ കണ്ടെത്തൽ പോലും അട്ടിമറിച്ചു. പ്രതിയായ ഡോക്ടറെ സനോജ് അറസ്റ്റ് ചെയ്തില്ല. പരാതിക്കാരെ സ്വാധീനിച്ച കേസ് ഒത്തു തീർപ്പാക്കിയെന്നാണ് റൂറൽ എസ്പി നൽകിയ റിപ്പോർട്ട്. 10 ദിവസങ്ങള്‍ക്കു ശേഷം കേസില്ലെന്ന് പരാതിക്കാർ കോടതിയെയും അറിയിച്ചു. ഈ സംഭവത്തിന് പിന്നിൽ അധികാര ദുർവിനിയോഗവും സംശയകരമായ ഇടപാടുകളും നടന്നിട്ടുള്ളതായി സ്പെഷ്യ‌ൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി. ദക്ഷിണമേഖല ഐജിക്ക് കൈമാറിയ റിപ്പോർട്ടിൽ നടപടിയൊന്നുമുണ്ടായില്ല. 

റിസോർട്ടുകളിൽ നിന്നും ലഹരി പിടിച്ച സംഭവങ്ങളിൽ കേസെടുത്തതിൽ അട്ടിമറി നടന്നുവെന്ന കണ്ടത്തതിനെ തുടർന്ന് ഈ കേസുകള്‍ വർക്കല ഡിവൈഎസ്പി ഇപ്പോള്‍ പുനരന്വേഷിക്കുകയാണ്. കേസുകളിൽ അട്ടിമറി നടക്കുന്നതായി റൂറൽ അഡീഷൺ എസ്പി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സനോജിനെ സ്ഥലം മാറ്റണമെന്ന എസ്പിയുടെ ശുപാർശയും മുക്കി. തുടർച്ചയായി സനോജിനെതിരെ അന്വേഷണ റിപ്പോർട്ടുകള്‍ നൽകിയിട്ടും രാഷ്ട്രീയ സ്വാധീനം കാരണം എല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. ഒടുവിൽ വിദേശവനിത ഡിജിപിയെയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയെും നേരിട്ട സമീപിച്ചതോടെയാണ് സസ്പെഷൻ ഉണ്ടായത്. മുമ്പ് തമ്പാനൂർ സ്റ്റേഷൽ ജോലി ചെയ്യുമ്പോള്‍ അവിശുദ്ധ കൂട്ടുകള്‍ ചൂണ്ടികാട്ടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെ ആലപ്പുഴയിലേക്ക് ഇയാളെ സ്ഥലം മാറ്റുകയായിരുന്നു. ആലപ്പുഴയിൽ നിന്നാണ് വർക്കലയിലേക്ക് തിരിച്ചെത്തിയത്.