പൊലീസും ഇന്റര്‍പോളും യോജിച്ച് ഇന്ത്യയിലെ ആദ്യ സംയുക്ത അന്വേഷണ യൂണിറ്റ് കേരളത്തിൽ തുടങ്ങാൻ തീരുമാനമായി. പൊലീസിലെ സൈബർ വിദഗ്ധർക്ക് ഇന്റര്‍പോൾ പ്രത്യേക പരിശീലനം നൽകും.
തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണക്കേസുകളിൽ കേരളാ പൊലീസിന് ഇന്റർപോളിന്റെ സഹായവാഗ്ദാനം. പൊലീസും ഇന്റര്‍പോളും യോജിച്ച് ഇന്ത്യയിലെ ആദ്യ സംയുക്ത അന്വേഷണ യൂണിറ്റ് കേരളത്തിൽ തുടങ്ങാൻ തീരുമാനമായി. പൊലീസിലെ സൈബർ വിദഗ്ധർക്ക് ഇന്റര്‍പോൾ പ്രത്യേക പരിശീലനം നൽകും.
കേസന്വേഷണത്തിനായി പ്രത്യേക ഓഫീസ് തുടങ്ങും. പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പറും തുടങ്ങും. കുട്ടികൾക്കെതിരായ ചൂഷണക്കേസുകളിൽ അന്വേഷണത്തിന് സഹായകരമായ കൂടുതൽ വിവരങ്ങൾ ഇന്റർപോൾ സൈബർഡോമിന് കൈമാറും. സൈബർ വിദഗ്ധരുടെ സേവനവും ഉറപ്പാക്കും. ഇന്റർപോളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ കേരള പൊലീസിന് പരീശീലനം നൽകാനും തീരുമാനമായി. ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റ് പൊലീസ് സർവീസിലെ സീനിയർ ഡിറ്റക്ടീവ് ജോൺ റോസും ഐസിഎംസി ലാ എൻഫോഴ്സ്മെന്റിലെ ഗുല്ലിർമോ ഗലാർസയുമാണ് കേരളത്തിലെത്തിയത്.
ഡിജിപി ലോക്നാഥ് ബെഹ്റയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ഇന്റര്‍പോൾ സംഘം കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ആദ്യമായാണ് ഇന്റർപോൾ ഇത്തരം അന്വേഷണങ്ങളിൽ പൊലീസുമായി പ്രത്യേകം സഹകരിക്കുന്നത്. കേരള പൊലീസ് നടപ്പാക്കിയ ഓപ്പറേഷൻ പി ഹണ്ടിന്റെ വിജയത്തെ തുടർന്നാണ് ഇന്റർപോൾ സംഘം കേരളത്തിലെത്തിയത്.
