കൂടരഞ്ഞിയില്‍ മാലമോഷണം ആരോപിച്ച് ആസാം സ്വദേശി മൊമിനുള്‍ ഇസ്ലാമിനെ  പൊലീസും നാട്ടുകാരും ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പരിക്കേറ്റ തൊഴിലാളി മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ മാലമോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസും നാട്ടുകാരും ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ആസാം സ്വദേശി മൊമിനുള്‍ ഇസ്ലാമിന് ആണ് മർദനമേറ്റത്. ജോലിക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തിയ കൂടരഞ്ഞി സ്വദേശി പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ചെന്നും വഴങ്ങാത്തതിനാല്‍ വ്യാജ മാല മോഷണം നാട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും മൊമിനുള്‍ ഇസ്ലാം പ്രതികരിച്ചു.

ജോലി കഴിഞ്ഞതിന് ശേഷം ഇന്നലെ രണ്ട് മണിയോടെ വീട്ടിലേക്ക് വരാന്‍ കൂടരഞ്ഞി സ്വദേശി ആവശ്യപ്പെട്ടെന്ന് ആസാം സ്വദേശി പറയുന്നു. തുടര്‍ന്ന് മസാജ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പ്രകൃതിവിരുദ്ധ ബന്ധത്തിന് ശ്രമിച്ചപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. വഴങ്ങാത്തതിനാല്‍ താന്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് മാല മോഷ്ടിച്ചു എന്ന വ്യാജ പ്രചാരണം വീട്ടുടമ നടത്തിയെന്ന് തൊഴിലാളി പറയുന്നു. പിന്നാലെ പൊലീസും നാട്ടുകാരും താമസിക്കുന്ന സ്ഥലത്തേക്ക് എത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദ അന്വേഷണത്തില്‍ കാണാതായെന്ന് പറയുന്ന മാല ഉടമയുടെ വീട്ടില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളി മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദിച്ച പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തിരുവമ്പാടി പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് വിവരം.