മരം കൊള്ളക്കാർക്ക് സർക്കാരുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധമുണ്ടോ എന്ന സംശയമാണ് പരാതിയും അതിന്മേൽ കളക്ടറോട് ചോദിച്ച വിശദീകരണവും ഉയർത്തുന്നത്.

തിരുവനന്തപുരം: വെട്ടി മാറ്റിയ റിസർവ്വ് മരങ്ങൾ കടത്തിക്കൊണ്ട് പോകാൻ അനുവദിക്കുന്നില്ലെന്ന പ്രതികളുടെ പരാതിയിലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഇടപെടൽ. കേസിലെ പ്രതി ആന്റോ അഗസ്റ്റിൻ നൽകിയ പരാതിയിലാണ് എ ജയതിലക് ജില്ലാ കളക്ടറോട് വിശദീകരണം ചോദിച്ചത്. കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഒക്ടോബറിലെ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റവന്യൂ-വനം ഉദ്യോഗസ്ഥർ സർക്കാരിന് മുമ്പാകെ എത്തിച്ചിരുന്നു. അതിലൊന്നും നടപടിയെടുക്കാനോ ഉത്തരവ് തിരുത്താനോ പ്രിൻസിപ്പിൽ സെക്രട്ടറി തയ്യാറായിരുന്നില്ല. ഇതിനിടെയാണ് മരം കൊള്ളയിലെ മുഖ്യ പ്രതി റോജി അഗസ്റ്റിൻ്റെ സഹോദരനും കൂട്ട് പ്രതിയുമായ ആന്റോ അഗസ്റ്റിൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകിയത്.

മുട്ടിലിൽ നിന്ന് മുറിച്ച മരം കടത്താൻ വനം വകുപ്പ് പാസ് നൽകുന്നില്ലെന്നായിരുന്നു ജനുവരി 16 ന് അയച്ച പരാതി. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രിൻസിപ്പൽ സെക്രട്ടറി വയനാട് ജില്ലാ കളക്ടർക്ക് പരാതിയിൽ ചോദ്യമുന്നയിച്ച് അയച്ചത്. പട്ടയഭൂമിയിൽ നിന്നാണോ മരം മുറിച്ചത്, മരങ്ങൾ സ്വന്തമായി നട്ടതാണോ എന്നായിരുന്നു ചോദ്യം. ഇതിന് ജില്ലാ കളക്ടർ പ്രതികൂലമായ മറുപടി നൽകി എന്നാണ് സൂചന. 

YouTube video player

ഇത്തരമൊരു പരാതി കളക്ടർക്കോ തഹസിൽദാർക്കോ നൽകിയിട്ടില്ല, പാസ് നൽകാൻ ചുമതലുള്ള വനം ഉദ്യോഗസ്ഥർക്കും നൽകിയിട്ടില്ല. സാധാരണഗതിയിൽ ഒരു മരം മുറിക്കാരും ഇങ്ങനെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നേരിട്ട് സമീപിക്കുക പതിവില്ല എന്നതാണ് പരാതിയെക്കുറിച്ച് ദുരൂഹത ഉയർത്തുന്നത്.

മരം കൊള്ളക്കാർക്ക് സർക്കാരുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധമുണ്ടോ എന്ന സംശയമാണ് പരാതിയും അതിന്മേൽ കളക്ടറോട് ചോദിച്ച വിശദീകരണവും ഉയർത്തുന്നത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് നടന്ന സംശയമുണർത്തുന്ന പല ഔദ്യോഗിക നടപടിക്രമങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ്, പ്രതി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഈ കത്തും അതുമായി ബന്ധപ്പെട്ട വിശദീകരണം ചോദിക്കലും. 

(പ്രതീകാത്മക ചിത്രം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona