ദില്ലി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഭയത്തോടെ കഴിയുന്നു എന്ന ആരോപണം സാങ്കൽപികമെന്ന് നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്തലാഖ് നിരോധന നിയമത്തെക്കുറിച്ച് കേരളത്തിൽ ഫലപ്രദമായ സംവാദത്തിന് ശ്രമിക്കും. 370-ാം അനുച്ഛേദം ഭീകരർ ഉപയോഗിച്ചു. സംസ്ഥാന സർക്കാരിനെ സഹായിക്കുമെന്നും ഭരണത്തിൽ ഇടപെടില്ലെന്നും നിയുക്ത ഗവർണർ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 

''ഈ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേർതിരിവ് എന്തിനാണ്? നിയമത്തിനൊപ്പം പോകുന്നവരെല്ലാം ഭൂരിപക്ഷമാണ്. അങ്ങനെയായിരിക്കണം. അതിനാൽ ഈ സാങ്കൽപിക ഭയത്തെ കാര്യമായെടുക്കാൻ ഞാൻ തയ്യാറല്ല. അത്തരം പ്രചാരണങ്ങളിൽ വീഴുകയുമില്ല'', എന്ന് നിയുക്ത ഗവർണർ. 

മുത്തലാഖ് നിരോധന നിയമത്തെ എന്നും പിന്തുണച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. പല കാലങ്ങളിൽ പല പാർട്ടികൾക്കൊപ്പമായിരുന്നെങ്കിലും എന്നും, മുസ്ലിം സമൂഹത്തിലെ കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതണമെന്നതിൽ അദ്ദേഹത്തിന് ഒരു നിലപാട് മാത്രമേയുണ്ടായിരുന്നുള്ളൂ. 

1986-ലായിരുന്നു ഷാബാനു കേസിൽ സുപ്രീംകോടതി ആ നിർണായക വിധി പുറപ്പെടുവിയ്ക്കുന്നത്. ഇന്ദോർ സ്വദേശിനിയായ 62 വയസ്സുള്ള ഷാബാനു എന്ന സ്ത്രീയെ മൊഴി ചൊല്ലിയ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാന്, അവർക്ക് ജീവനാംശം നൽകാനും ബാധ്യതയുണ്ടെന്നായിരുന്നു വിധി. എന്നാൽ വിധിക്കെതിരെ മുസ്ലിം പൗരോഹിത്യസമൂഹം ശക്തമായി രംഗത്തു വന്നു. പ്രതിഷേധമുയർത്തി. വിരണ്ടുപോയ രാജീവ് ഗാന്ധി സർക്കാർ വിധിക്കെതിരെ നിയമം കൊണ്ടുവന്ന് പാർലമെന്‍റിൽ പാസ്സാക്കി.

എന്നാൽ ഇതിനെതിരായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. അന്ന് രാജീവ് ഗാന്ധി സർക്കാരിന്‍റെ നീക്കത്തിൽ പ്രതിഷേധിച്ച് ഖാൻ രാജി വച്ചു. ധീരമായ തീരുമാനമായി മാധ്യമങ്ങൾ അതിനെ വാഴ്ത്തി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പാർട്ടികൾ "മുസ്ലിം കാർ‍ഡ്'' ഇറക്കി കളിക്കുന്നത് സമുദായത്തിന് ദോഷമായി മാറുമെന്നായിരുന്നു എക്കാലവും അദ്ദേഹത്തിന്‍റെ നിലപാട്. 

''കഴിഞ്ഞ വർഷം ഒക്ടോബർ ആറിന് ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതി, എന്നെ എട്ടാം തീയതി വിളിപ്പിച്ച് ഈ നിയമം നടപ്പാക്കാൻ പോകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു'', എന്ന് ആരിഫ് മുഹമ്മദ് ഖാൻ. 

താല്ക്കാലികമായിരുന്ന 370-ാം അനുച്ഛേദം നേരത്തെ എടുത്തു കളയേണ്ടതായിരുന്നെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ''370 അനുച്ഛേദം ഏതാണ്ട് ഇല്ലാതായിരുന്നു.  ഒഴിഞ്ഞ ആ വീട്ടിൽ ഭീകരരും വിഘടനവാദികളും എത്തി ഇടംപിടിച്ചു. ഭീകരരാണ് അത് ഉപയോഗിച്ചത്. 370 എന്നേ എടുത്തുകളയേണ്ടയായിരുന്നു''.

കേരളത്തിലെ ഇടതുസർക്കാരുമായി സഹകരിച്ച് പോകാനാകും എന്നുറപ്പുണ്ടെന്നാണ് നിയുക്ത ഗവർണർ പറയുന്നത്. ''അവർ കമ്മ്യൂണിസ്റ്റാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ എല്ലാവരും ഇന്ത്യക്കാരാണ്. സർക്കാരിനെ സഹായിക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാകും എന്‍റെ നയം'', എന്ന് ആരിഫ് മുഹമ്മദ് ഖാൻ. 

അലിഗഢിലെ പഠനകാലം മുതൽ കേരളവുമായി ബന്ധമുണ്ട്. മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യാനുൾപ്പടെ ആലോചനയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആരിഫ് മുഹമ്മദ് ഖാനുമായി ഞങ്ങളുടെ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം നടത്തിയ അഭിമുഖം ഇന്ന് വൈകിട്ട് 7.30-യ്ക്ക് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.