താമരശ്ശേരി: കൂടത്തായ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു. കൂടത്തായിയില്‍ ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ചത് ഈ ആശുപത്രിയിലാണ്. ആശുപത്രിയിലെത്തിയ പൊലീസ് സംഘം ആറ് പേരുടേയും ചികിത്സാരേഖകള്‍ ശേഖരിച്ചു മടങ്ങി.

കൂടത്തായിലെ ആറ് പേരുടേയും മരണം സമാനലക്ഷണങ്ങളോടെയായിരുന്നു. എന്നിട്ടും ആരുടേയും മരണത്തില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ സംശയമൊന്നും പ്രകടിപ്പിക്കാതിരുന്നതാണ് അന്വേഷണ പരിധിയിലേക്ക് ഈ സ്വ കാര്യ ആശുപത്രിയേയും എത്തിച്ചത്.  ഇവിടെ എത്തിച്ച ആറ് പേരില്‍ റോയിയേയും ആല്‍ഫിനേയും മാത്രം മറ്റു ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. അതില്‍ റോയിയുടെ മൃതദേഹം മാത്രമാണ് പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 

ഈ ആശുപത്രിയില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ഡോക്ടര്‍  മരണത്തില്‍ സംശയം പ്രകടിപ്പിച്ചതായൊരു വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡോക്ടര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടം വിട്ടുവെന്നാണ് അന്വേഷണത്തില്‍ അറിഞ്ഞത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.