കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം അനിവാര്യമാണെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. ചട്ടം ലംഘിച്ച് കരാർ കമ്പനിയ്ക്ക് മുൻകൂർ പണം അനുവദിച്ചതിലാണ് അന്വേഷണം. അന്വേഷണവുമായി പല പ്രതികളുടെ സഹകരിക്കുന്നില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

പാലാരിവട്ടം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിലാണെന്ന് വിജിലൻസ് വ്യക്തമാക്കിയത്. ചട്ടം ലഘിച്ച് കരാർ കമ്പനിയ്ക്ക് മുൻകൂർ പണമായി 8.25 കോടി രൂപ അനുവദിച്ചതിലെ ഗൂഡാലോചനയിൽ മന്ത്രിക്കും ഉത്തരവാദിത്വം ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

ആദ്യഘട്ടത്തിൽ 17 പേർക്കെതിരെയായിരുന്നു അന്വേഷണമെന്നു അന്ന് ഇബ്രാഹിംകുഞ്ഞിനെതിരെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും പറഞ്ഞ വിജിലൻസ് പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തിൽ അന്വേഷണം അനവാര്യമായിരിക്കുന്നുവെന്ന് വ്യക്തമാക്കി. അന്വേഷണത്തിനുള്ള മുൻകൂർ അനുമതി തേടി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് കോടതിയെ വിജിലൻസ് അറിയിച്ചു.

സുപ്രീം കോടതിവിധി അനുസരിച്ച് അത്തരം അനുമതി വാങ്ങേണ്ടതില്ലെങ്കിലും പിന്നീട് രാഷ്ട്രീയ ആരോപണങ്ങൾ ഉണ്ടാകാതിരിക്കാനാണ് അനുമതി തേടിയതെന്നാണ് വിജിലൻസിന്‍റെ വിശദീകരണം. അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ പലർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും പറഞ്ഞ വിജിലൻസ് ചിലർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു.

വിജിലൻസ് വേട്ടയാടുന്നുവെന്ന് ടി ഒ സൂരജ്

ടി ഒ സൂരജ് അടക്കമുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം നൽകരുതെന്നും വിജിലൻസ് റിപ്പോർട്ടിലൂടെ ആവശ്യപെട്ടു. എന്നാൽ തനിക്ക് ജാമ്യം നൽകാതിരിക്കാൻ വിജലൻസ് ശ്രമിക്കുകയാണെന്ന് ടി ഒ സൂരജ് കോടതിയെ അറിയിച്ചു. മറ്റ് കേസുകളിലെ അന്വേഷണവും പാലാരിവട്ടം കേസുമായി ബന്ധമില്ലെന്നും പുരകത്തുമ്പോൾ വാഴവെട്ടുമ്പോലെയാണ് വിജിലൻസ് പെരുമാറുന്നതെന്നുമാണ് സൂരജിന്‍റെ ആക്ഷേപം. ജയിലിലായപ്പോൾ തനിക്കെതിരെ നിരവധി കേസുകൾ കെട്ടിച്ചമച്ചുവെന്ന് പരാതിപ്പെട്ട ടി ഒ സൂരജ് പാലാരിവട്ടം പാലത്തിൽ ലോഡ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. 

ലോഡ് ടെസ്റ്റിനെ അതിജീവിച്ചാൽ ഇപ്പോഴത്തെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിയുമെന്ന് ടി ഒ സൂരജ് അവകാശപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകൾ നശിപ്പിക്കാനോ, അന്വേഷണത്തിൽ ഇടപെടാനോ താൻ ശ്രമിച്ചതായി വിജിലൻസ് പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ടി ഒ സൂരജ് ഇത് കൊണ്ട് തന്നെ ഇനിയും കസ്റ്റഡിയിൽ വയ്ക്കേണ്ട കാര്യമില്ലെന്ന് വാദിച്ചു. മറ്റ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും അതിന് പാലാരിവട്ടം കേസുമായി  ബന്ധമില്ലെന്നും ടി ഒ സൂരജ് വാദിക്കുന്നു. ജാമ്യ ഹർജികൾ  പരിഗണിക്കുന്നത് ഹൈക്കോടതി  തിങ്കഴാഴ്ചത്തേക്ക് മാറ്റി.