Asianet News MalayalamAsianet News Malayalam

കാർയാത്രക്കാരെ തട്ടിക്കൊണ്ടുപോയ കേസ്: സ്വർണ്ണക്കടത്തുമായി ബന്ധം? അക്രമികളെത്തിയ വാഹനങ്ങള്‍ കണ്ടെത്താന്‍ ശ്രമം

അക്രമി സംഘമെത്തിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. 

investigation continues on car passenger abduction case in Payyoli
Author
First Published Sep 18, 2022, 2:16 PM IST

കോഴിക്കോട്: പയ്യോളിയിൽ കഴിഞ്ഞ ദിവസം കാർ യാത്രക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പരാതിക്കാരുടെ മൊഴിയെടുപ്പ് തുടരുന്നു. മർദനത്തിനിരയായ കാർ ഡ്രൈവർ മലപ്പുറം വേങ്ങര സ്വദേശി വിഷ്ണു, കാറിലുണ്ടായിരുന്ന ഗഫൂർ , അശോകൻ , കൃഷ്ണൻ , ഷാജി എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തുന്നത്. പരാതിക്കാരെ ഒന്നിച്ചും തനിച്ചും  ഇരുത്തിയാണ് മൊഴിയെടുക്കുന്നത്. മൊഴികളിൽ വൈരുദ്ധ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

അക്രമി സംഘമെത്തിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. മലപ്പുറം , മണ്ണാർക്കാട് മേഖലകളിലാണ് അന്വേഷണം. വെള്ളിയാഴ്ച്ച അർധരാതിയിലാണ് മലപ്പുറത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോയ 5 അംഗ സംഘത്തെ തട്ടിക്കൊണ്ടു പോയത്. ദേശീയ പാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഒരു കാറിലും ഇരു ചക്ര വാഹനത്തിലുമായെത്തിയ എട്ടംഗസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ അതിക്രമിച്ച് കയറുകയായിരുന്നു.

കാറോടിച്ച മലപ്പുറം വേങ്ങറ സ്വദേശി വിഷ്ണുവിനെ പുറത്തിറക്കിയ ശേഷം തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ ഗഫൂർ , കൃഷ്ണൻ , ഷാജി , അശോകൻ എന്നിവരെയും കൊണ്ട് അക്രമി സംഘം കടന്നു. വാഹനം പരിശോധിച്ച ശേഷം നാലുപേരെയും മുചുകുന്നിന് സമീപം ഉപേക്ഷിച്ചു. വിഷ്ണുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന 6 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

വധശ്രമത്തിന് പുറമേ തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നീ കുറ്റങ്ങളും പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് ബ്ലൂ ടൂത്ത് കണ്ടെടുത്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ അന്വേഷണം നടത്തി. കൊടുവള്ളി , മലപ്പുറം എന്നിവിടങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios