Asianet News MalayalamAsianet News Malayalam

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു, കുറ്റക്കാർക്കെതിരെ കർശന നടപടി

കൊവിഡ് മുക്തയായ ഗർഭിണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്.

investigation into the death of twins
Author
Thiruvananthapuram, First Published Sep 28, 2020, 10:33 AM IST

തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടാണ്  ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം എന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യമന്ത്രി നൽകിയ നിർദേശം. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

കൊവിഡ് മുക്തയായ ഗർഭിണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടർന്ന് യുവതിയുടെ ഇരട്ടക്കുട്ടികൾ പ്രസവത്തിനിടെ മരിച്ചു. എൻസി ഷെരീഫ്-സഹല ദമ്പതികൾക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സ്വകാര്യ ആശുപത്രികൾ ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചെന്ന് ഭർത്താവ് ഷെരീഫ് പറയുന്നു. 

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസം മുമ്പാണ് സഹല വീട്ടിലേക്ക് പോയത്. തുടർന്ന് കടുത്ത വേദനയെ തുടർന്നാണ് പുലർച്ചെ തിരികെ ആശുപത്രിയിൽ എത്തിയത്. എന്നാൽ കൊവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ കൊവിഡ് ആശുപത്രിയായ മഞ്ചേരിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. പിന്നീട് അഞ്ച് ആശുപത്രികൾ കയറിയിറങ്ങി. കൊവിഡിന്‍റെ ആർടി പിസിആർ ഫലം വേണമെന്ന് ആശുപത്രികളിൽ നിന്ന് നിർബന്ധം പിടിച്ചുവെന്ന് കുടുംബം പറയുന്നു.

കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലും ഗര്‍ഭിണിക്ക് ചികിത്സ നൽകിയില്ല. കോട്ടപ്പറമ്പ് ആശുപത്രിയിൽ ഡോക്ടർമാരില്ലായിരുന്നു. 14 മണിക്കൂറോളം ചികിത്സ കിട്ടിയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും 14 മണിക്കൂർ കഴിഞ്ഞു. പ്രസവത്തിൽ രണ്ട് കുട്ടികളും മരിച്ചു. വീഴ്ച്ചയുണ്ടായോയെന്ന്  പരിശോധിക്കുമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. നാളെ വിശദമായ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു..

Follow Us:
Download App:
  • android
  • ios