Asianet News MalayalamAsianet News Malayalam

മയ്യനാട് ബാങ്കിലെ ക്രമക്കേട്; ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കും, അന്വേഷണം

ക്രമക്കേടിൽ മുൻ ജീവനക്കാർക്കുള്ള പങ്കും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടേതാണ് ഉത്തരവ്. 

investigation on mayyanad bank scam
Author
Kollam, First Published Sep 16, 2021, 2:37 PM IST

കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. ക്രമക്കേടിൽ മുൻ ജീവനക്കാർക്കുള്ള പങ്കും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടേതാണ് ഉത്തരവ്. മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക തട്ടിപ്പുകളെന്നാണ് പരാതി. ബാങ്ക് സെക്രട്ടറി  രാധാകൃഷ്ണന്‍ ബിനാമികളുടെ പേരിൽ ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കും മുന്നിൽ പരാതിയെത്തി. 

വെറും അഞ്ചുലക്ഷം രൂപയ്ക്ക് രാധാകൃഷ്ണൻ വാങ്ങിയ ഭൂമി ഭാര്യയുടെയും മരുമകനായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെയും പേരിലേക്ക് മാറ്റിയായിരുന്നു ആദ്യ തട്ടിപ്പ്. അഞ്ചുലക്ഷം രൂപയുടെ ഭൂമി ഈട് വച്ച് 30 ലക്ഷം രൂപ ഭാര്യയുടെയും മരുമകന്റെയും പേരിൽ വായ്പ നൽകുകയായിരുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കേ തന്നെ മറ്റ് നാലു ബന്ധുക്കളുടെ പേരിൽ 40 ലക്ഷം രൂപ കൂടി രാധാകൃഷ്ണൻ സെക്രട്ടറിയായ ബാങ്കിൽ നിന്ന് വായ്പ നൽകി. വായ്പാ തുക രാധാകൃഷ്ണന്റെ ബന്ധുവായ സുനിൽ കുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത് 2019 മാർച്ച് 23 ന് . അതേദിവസം വൈകിട്ട് തന്നെ ഈ തുക രാധാകൃഷ്ണന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഈ വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios