കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജയിലിലേക്കയച്ച സിപിഎം പ്രവർത്തകരായ പ്രതികൾ ജയിലിലെത്തും മുമ്പ് മദ്യപിച്ചതിനെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. തങ്ങള്‍ ഏറ്റുവാങ്ങും മുമ്പാണ് പ്രതികൾ മദ്യപിച്ചതെന്നാണ് പൊലീസ് വിശദീകരണം. കോടതി പരിസരത്ത് വെച്ചാകാം മദ്യപിച്ചതെന്നാണ് സംശയം. എന്നാൽ ജയിലിൽ ഹാജരാക്കിയ ആദ്യ മെഡിക്കൽ റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിക്കാത്തതിൽ പൊലീസ് പ്രതിരോധത്തിലാണ്. 

ബിജെപി പ്രവർത്തകൻ രവീന്ദ്രനെ വധിച്ച കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട അഞ്ച് പ്രതികളിൽ ചിലർ മദ്യപിച്ചിട്ടുള്ളതായി ജയിലിലെത്തിക്കുമ്പോൾ കണ്ണൂർ സെൻട്രൽ ജയിലധികൃതരാണ് മനസിലാക്കിയത്. എന്നാൽ പൊലീസ് ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ മദ്യപിച്ചതായി രേഖപ്പെടുത്തിയിരുന്നില്ല. ഇവരെ വീണ്ടും വൈദ്യപരിശോധനയ്ക്ക് തിരിച്ചയച്ചു. രാത്രി രണ്ടാം വൈദ്യപരിശോധനാ റിപ്പോർട്ടിൽ മദ്യപിച്ചത് തെളിഞ്ഞതോടെയാണ് പൊലീസ് പ്രതിരോധത്തിലായതും ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം അന്വേഷിക്കുകയും ചെയ്യുന്നത്. ജയിലിലെത്തിക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിന് മുൻപ് തന്നെ പ്രതികൾ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ജാമ്യത്തിലായിരുന്ന പ്രതികൾ ശിക്ഷാ വിധി കേൾക്കാനായി എത്തിയ സമയത്ത് കോടതി പരിസരത്ത് നിന്നായിരിക്കാം മദ്യപിച്ചതെന്നാണ് നിഗമനം. അതാത് പാർട്ടി പ്രവർത്തകർ പ്രതികളാകുന്ന കേസിൽ വിധിവരുന്ന ദിവസം ഇത്തരത്തിൽ പാർട്ടി പ്രവർത്തകർ കോടതിയിൽ തടിച്ച് കൂടുന്നതും പ്രതികൾക്ക് അഭിവാദ്യമർപ്പിക്കുന്നതും വസ്തുക്കൾ കൈമാറുന്നതും തലശ്ശേരി കോടതിയിൽ പതിവാണ്. ജയിലിലെത്തിക്കും മുൻപ് ഭക്ഷണം കഴിക്കാനായി ഇറക്കിയ ഹോട്ടലിൽ നിന്നും പ്രതികൾ മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. 

അങ്ങനെയെങ്കിൽ മദ്യപിച്ചതായി നേരത്തെ അറിഞ്ഞിട്ടും എന്തുകൊണ്ട് വൈദ്യപരിശോധനാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ഇങ്ങനെയൊരു കോളം ബന്ധപ്പെട്ട ഫോമിൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ മറുപടി. ഇതിനാൽ ഡോക്ടർ ഇക്കാര്യം എഴുതിയില്ല. രണ്ടാം വൈദ്യപരിശോധനയിൽ ഇത് പ്രത്യേകം എഴുതിച്ചേർത്തെന്നും പൊലീസ് പറയുന്നു. സ്പെഷൽ ബ്രാഞ്ചാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നത്. പൊലീസിന്റെ അറിവോടെയാണോ മദ്യസൽക്കാരമെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. അതേസമയം ഇക്കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം രേഖകൾ നോക്കിയ ശേഷമേ നൽകാനാകൂ എന്നാണ് ജയിലധികൃതർ പറയുന്നത്.