കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതിയായ ജോളിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നാളെ അപേക്ഷ നൽകും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് ജോളിയെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിനിടെ, സിലിയുടെ മകന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. 

ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി മൂന്നുപേരെയും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം, മൂന്നാം പ്രജു കുമാറിന് സൈനഡ് നൽകിയതായി അന്വേഷണ സംഘം കരുതുന്ന പേരാമ്പ്ര സ്വദേശി സത്യനെ  കോയമ്പത്തൂരിൽ വെച്ച് അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് ജയിലില്‍ നിന്ന് കോടതിയിലേക്ക്  പോകുന്നതിനിടെ പ്രജുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.