Asianet News MalayalamAsianet News Malayalam

കാസർഗോഡും നിക്ഷേപതട്ടിപ്പ്; 96 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് പണം തട്ടി ഉടമ മുങ്ങി, പരാതിയുമായി നിക്ഷേപകർ

ചെയര്‍മാന്‍ വിനോദ് കുമാര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഡോക്ടര്‍ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

Investment fraud in Kasaragod
Author
First Published Jan 14, 2023, 6:48 AM IST

കാസര്‍ഗോഡ് : കാസര്‍ഗോഡ് കുണ്ടംകുഴിയിലും നിക്ഷേപ തട്ടിപ്പ്. വലിയ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിനെതിരായ പരാതി. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. ജിബിജി നിധി ലിമിറ്റഡ് എന്ന പേരിലുള്ള കുണ്ടംകുഴിയിലെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി. 96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

പണം നിക്ഷേപിച്ചവര്‍ക്ക് പലിശയോ നിക്ഷേപിച്ച പണമോ ലഭിക്കാതെ ആയതോടെയാണ് പരാതി ഉയര്‍ന്നത്. അന്‍പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിതരായ 20 പേരാണ്‍ ബേഡകം പൊലീസിനെ സമീപിച്ചത്. ജിബിജി ചെയര്‍മാന്‍ കുണ്ടംകുഴിയിലെ വിനോദ് കുമാര്‍, ആറ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ചെയര്‍മാന്‍ വിനോദ് കുമാര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഡോക്ടര്‍ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രം ഉപയോഗിച്ചാണ് ഇയാള്‍ നിക്ഷേപകരില്‍ പലരേയും വീഴ്ത്തിയത്. ജിബിജി നിധി ലിമിറ്റഡിന്‍റെ ഓഫീസ് ഇപ്പോഴും തുറക്കുന്നുണ്ട്. എന്നാല്‍ ഇടപാടുകളൊന്നുമില്ല. തങ്ങള്‍ക്കൊന്നുമറിയില്ല എന്നാണ് ഇവിടുത്തെ തൊഴിലാളികള്‍ പറയുന്നത്. കാശ് നഷ്ടപ്പെട്ടവരില്‍ ചെറിയ ശതമാനമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

Follow Us:
Download App:
  • android
  • ios