Asianet News MalayalamAsianet News Malayalam

പറവൂർ ഭക്ഷ്യവിഷബാധ: മനപ്പൂർവമുള്ള നരഹത്യക്ക് കേസ്, കടുത്ത നടപടികളിലേക്ക് പൊലീസ്

ഗൗരവമുള്ള കേസെന്ന നിലയിലാണ് മനപൂര്‍വമായ നരഹത്യ ശ്രമത്തിനുള്ള 308 വകുപ്പ് ചേര്‍ത്ത് കേസെടുത്തിട്ടുള്ളതെന്ന് എസ് പി പറഞ്ഞു

IPC 308 charged on Paravoor Majlis hotel over food poison
Author
First Published Jan 20, 2023, 6:35 AM IST

കൊച്ചി: പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് കടുത്ത നടപടികളിലേക്ക്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കിയ പൊലീസ് ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങി. മജ്‍ലീസ് ഹോട്ടലിലുണ്ടായത് ഗുരുതരമായ വീഴ്ച്ചയാണെന്നും കർശന നടപടികളുണ്ടാവുമെന്നും ആലുവ എസ്.പി വിവേക് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗൗരവമുള്ള കേസെന്ന നിലയിലാണ് മനപൂര്‍വമായ നരഹത്യ ശ്രമത്തിനുള്ള 308 വകുപ്പ് ചേര്‍ത്ത് കേസെടുത്തിട്ടുള്ളതെന്ന് എസ് പി പറഞ്ഞു. ഹോട്ടലിലെ മുഖ്യ പാചകക്കാരൻ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ബാക്കി ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്തു വരുന്നു. നഗരസഭയിലെ രേഖ പ്രകാരം വെടിമറ സ്വദേശി സിയാദുല്‍ ഹഖ് എന്നയാളാണ് ഹോട്ടലിന്‍റെ ഉടമ. ഒളിവിലുള്ള ഇയാളെ പെട്ടന്ന് തന്നെ കണ്ടെത്തുമെന്നും എസ് പി പറഞ്ഞു.

നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെയും പരിശോധന നടത്തിയെങ്കിലും കാര്യമായ പിഴവുകള്‍ കണ്ടെത്തിയില്ല. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് സഹകരണ സ്ഥാപനത്തിന്‍റെ കാന്‍റീനും യുവമോര്‍ച്ച പ്രതിഷേധത്തെ തുടര്‍ന്ന് താലൂക്ക് ആശുപത്രി കാന്‍റീനും ഇന്നലെ ആരോഗ്യവകുപ്പ് അടപ്പിച്ചു. ലൈസൻസില്ലാതെയാണ് സഹകരണ സ്ഥാനത്തിന്‍റെ കാന്‍റീൻ പ്രവര്‍ത്തിച്ചിരുന്നത്. ശവപ്പെട്ടി സൂക്ഷിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി കാന്‍റീനെതിരെ പരാതി ഉയര്‍ന്നത്.

Follow Us:
Download App:
  • android
  • ios