പി വി അൻവർ മാപ്പ് പറയണമെന്ന് ഐ പി എസ് അസോസിയേഷൻ പ്രമേയം; മുഖ്യമന്ത്രിക്ക് പരാതി നൽകും
ഇന്നലെ മലപ്പുറം എസ് പിയെ പി വി അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്.
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇന്നലെ മലപ്പുറം എസ് പിയെ പി വി അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്.
മലപ്പുറം എസ്പിയെ പല മാർഗത്തിൽ കൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി അൻവർ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമ രാഹിത്യത്തിൻ്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പി വി അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎല്‍എ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷൻ, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അറിയിച്ചു.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ചായിരുന്നു മലപ്പുറം എസ് പിയെ പി വി അന്‍വര്‍ അധിക്ഷേപിച്ചത്. പരിപാടിക്ക് എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലിസ് മേധാവിക്കെതിരെ പി വി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. ഐ പി എസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. പൊലീസില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്നും കഞ്ചാവ് മാഫിയയുടെ പോലും ആളുകളായി പൊലീസ് പ്രവര്‍ത്തിക്കുകയാണെന്ന് അന്‍വര്‍ ആരോപിച്ചു. എം എല്‍ എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍ പി ശശിധരൻ പ്രസംഗം ഒറ്റവരിയില്‍ അവസാനിപ്പിച്ച് വേദി വിട്ടു.