Asianet News MalayalamAsianet News Malayalam

'ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിലാണോ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്?', ഇർഫാൻ ഹബീബ്

സമാധാനപരമായി പ്രതിഷേധിച്ചതിന്‍റെ പേരിൽ പ്രതിനിധികളെ കസ്റ്റഡിയിലെടുത്തതിനും വേദിയിൽ കയറിയതിനും പൊലീസും സർക്കാരും മറുപടി പറയണം. ഇതാണോ ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിൽ നടക്കേണ്ടത്? - ഇർഫാൻ ഹബീബ് ചോദിച്ചു. 

irfan habeeb criticizing left government for taking students in to custody
Author
Kannur, First Published Dec 29, 2019, 4:11 PM IST

കണ്ണൂർ/തിരുവനന്തപുരം: ചരിത്ര കോൺഗ്രസിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പങ്കെടുക്കാനെത്തിയ പ്രതിനിധികളെയും വിദ്യാർത്ഥികളെയും കസ്റ്റഡിയിലെടുത്തതിൽ ഇടത് സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കും എതിരെ വിമർശനവുമായി വിഖ്യാത ചരിത്രകാരൻ ഇർഫാൻ ഹബീബ്. സർവകലാശാലയാണ് ഗവർണറെ അതിഥിയായി ക്ഷണിച്ചത്. ചരിത്ര കോൺഗ്രസ് അല്ല. സമാധാനപരമായി പ്രതിഷേധിച്ചതിന്‍റെ പേരിൽ പ്രതിനിധികളെ കസ്റ്റഡിയിലെടുത്തതിനും വേദിയിൽ കയറിയതിനും പൊലീസും സർക്കാരും മറുപടി പറയണം. ഇതാണോ ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിൽ നടക്കേണ്ടത്? - ഇർഫാൻ ഹബീബ് ചോദിച്ചു. 

Read more at: 'ഗാന്ധിയല്ല, ഗോഡ്സെയെപ്പറ്റി സംസാരിക്കുന്നതാണ് നല്ലത്', ഗവർണറോട് ഇർഫാൻ ഹബീബ്

ചരിത്ര കോൺഗ്രസിൽ നടക്കുന്ന പരിപാടികളെക്കുറിച്ചുള്ള തീരുമാനം എടുക്കുന്നത് തങ്ങളാണ്. എന്നാൽ ഗവർണർ ഉൾപ്പടെയുള്ളവരെ ക്ഷണിച്ചത് പരിപാടിയുടെ വേദിയായ കണ്ണൂർ സർവകലാശാലയുടെ അധികൃതരാണ്. ഇതിനിടെ രാഷ്ട്രീയ ഇടപെടൽ ഉണ്ടായോ എന്ന ചോദ്യത്തിന് തൽക്കാലം മറുപടി പറയാനില്ല - എന്ന് ഇർഫാൻ ഹബീബ്.

പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നും, ഉദ്ഘാടനച്ചടങ്ങിന്‍റെ പ്രോട്ടോക്കോൾ പ്രകാരം ഉദ്ഘാടന വേദിയിൽ ചരിത്രകാരൻ  ഇർഫാൻ ഹബീബിന്‍റെ പ്രസംഗം ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതിഷേധം വിവാദമായതിനെത്തുടർന്ന് സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചത്. ഇർഫാൻ ഹബീബിന്‍റെ പ്രസംഗത്തിനുൾപ്പെടെ ഗവർണർ മറുപടി പറയാൻ തുനിഞ്ഞതോടെയാണ് ഉദ്ഘാടന വേദിയിൽ ശക്തമായ പ്രതിഷേധങ്ങളുയർന്നത്. ഉദ്ഘാടന വേദിയിൽ പല കാര്യങ്ങളും ശരിയായ രീതിയിലല്ല നടന്നതെന്നും വൈസ് ചാൻസിലർ ഡോ:ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. എന്നാൽ ഇത്തരമൊരു പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടില്ലെന്ന് ഇർഫാൻ ഹബീബ് പറയുന്നു. രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ഇല്ലാത്ത എന്ത് പ്രോട്ടോക്കോളാണ് ഗവർണർക്കുള്ളത്? - ഇർഫാൻ ഹബീബ് ചോദിച്ചു. 

Read More: ചരിത്ര കോൺഗ്രസിലെ പ്രതിഷേധം: ഗവര്‍ണര്‍ റിപ്പോർട്ട് തേടി, ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിക്കാനും നിർദേശം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തനിക്ക് അലിഗഢ് കാലം മുതൽക്കേ പരിചയമുണ്ടെന്നും അദ്ദേഹം പറയുന്നത് കണക്കാക്കുന്നില്ലെന്നും ഇർഫാൻ ഹബീബ് വ്യക്തമാക്കി. ചരിത്ര കോൺഗ്രസിൽ വന്ന് രാഷ്ട്രീയലാഭം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്താനാണ് ഗവർണർ ശ്രമിച്ചത്. ഇതിനെതിരെയാണ് താൻ പ്രതികരിച്ചത്. അപ്പോൾ പൊലീസ് തന്നെയാണ് തടഞ്ഞത് - ഇർഫാൻ ഹബീബ് വ്യക്തമാക്കി. 

സ്വന്തം സഹപ്രവർത്തകരുടെ പ്രവ‍ർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുന്നത് അംഗീകരിക്കാൻ ചരിത്രകാരൻമാർക്ക് കഴിയില്ല. ഇന്ന് പല സർവകലാശാലകളും സ്വതന്ത്രമായി പ്രവർത്തിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ്. ജാമിയ മിലിയ ഇസ്ലാമിയ പോലുള്ള സർവകലാശാലകളിൽ ലൈബ്രറിയടക്കം തകർക്കപ്പെട്ടു. അവിടത്തെ പഠനം മുടങ്ങി, അധ്യാപനം മുടങ്ങി. ഇത്തരം പ്രതിസന്ധികളിൽ പ്രതികരിക്കുക എന്നത് ചരിത്രകാരൻമാരുടെ കർത്തവ്യമാണെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. 

ഉദ്ഘാടനത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ബലമായി തടയാൻ ശ്രമിച്ചെന്ന് ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. ഉദ്ഘാടന പ്രസംഗം ഇർഫാൻ ഹബീബ് തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും മൗലാൻ അബ്ദുൾ കലാം ആസാദിന്‍റെ വാക്കുകൾ ഉദ്ധരിക്കാൻ തന്നെ അനുവദിച്ചില്ലെന്നും ഗവർണർ ട്വീറ്റിൽ പറഞ്ഞിരുന്നു. തടയാൻ ശ്രമിച്ച ഗവർണറുടെ എഡിസിയെയും സുരക്ഷാജീവനക്കാരനെയും ഇർഫാൻ ഹബീബ് തള്ളിമാറ്റിയെന്നും ട്വീറ്റിൽ പറയുന്നു. 

ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധമാണ് പ്രതിനിധികളും വിദ്യാര്‍ഥികളും ഉയർത്തിയത്. പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളവരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടഞ്ഞു. എന്നാല്‍ പിന്നീട് പൊലീസ് നാല് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. 

എന്നാൽ ഒരു പ്രതിഷേധവും അതിരുവിടരുതെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചത്. അതിരുവിട്ടാൽ ക‍ർശനനടപടിയുണ്ടാകും. സർവകക്ഷിയോഗത്തിലാണ് ഗവർണർ പങ്കെടുത്ത യോഗത്തിലെ പ്രതിഷേധത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്.  

Read more at: പ്രക്ഷോഭം അതിരു കടക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുൻനിര്‍ത്തി മുഖ്യമന്ത്രി

വിസി തന്നെ പ്രോട്ടോകോൾ ലംഘനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗവർണറുടെ ഓഫീസ് കർശന നടപടിയിലേക്ക് നീങ്ങാനാണ് സാധ്യത. എന്നാൽ ഇതെല്ലാം ചെറിയ പ്രശ്നങ്ങൾ മാത്രമാണെന്നാണ് സർവകലാശാല സിൻഡിക്കേറ്റംഗങ്ങളുടെ വിശദീകരണം. അതിനിടെ ഗവർണറുടെ നടപടി അപലപനീയമാണെന്നും ഭരണഘടന പദവിക്ക് ചേർന്നതല്ലെന്നും ചരിത്ര കോൺഗ്രസ് സന്ദർശിക്കാനെത്തിയ സംവിധായകൻ കമല്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios