സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻക്രമക്കേട്. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുകയിൽ 14.93 കോടി രൂപ ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരൻ തട്ടിയെടുത്തു. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ കോടികളുടെ തട്ടിപ്പ്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായ വിഹിതത്തിൽ നിന്നും 14.93 കോടി രൂപ തട്ടിയെടുത്തുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ചും ബോർഡിന്‍റെ കെടുകാര്യസ്ഥത മുതലാക്കിയും ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ ക്ലർക്കായ സംഗീതാണ് പണം തട്ടിയെടുത്തത്. ബോർഡിനുണ്ടായ ഗുരുതര വീഴ്ചയാണ് പണം നഷ്ചമാകാൻ കാരണമെന്നും സ്പെഷ്യൽ ഓഡിറ്റിൽ പറയുന്നു.കേരള ലോട്ടറി വിൽക്കുന്ന ലക്ഷകണക്കിന് വരുന്ന ഏജൻറുമാരും വിൽപ്പനക്കാരും പ്രതിമാസം അടയ്ക്കുന്ന പണമാണ് തട്ടിയത്. 

ക്ഷേമ നിധി ബോർഡിനുണ്ടായ ഭരണപരമായ അനാസ്ഥ കാരണമാണ് ഒരു ജീവനക്കാരൻ കോടികള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിന് തുടർ‍ന്ന് 2013 മുതൽ 2020 വരെ നടത്തിയ സ്പെഷ്യൽ ഓഡിറ്റിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തു വന്നത്. ലോട്ടറി ഡയറക്ടറാണ് ബോർഡിന്‍റെ സിഇഒയായി പ്രവർത്തിക്കേണ്ടത്. എന്നാൽ, ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസഥരാരും അംശാദായം ബാങ്കിലേക്ക് അടയ്ക്കുന്ന കാര്യങ്ങളോ സർക്കാർ ഗ്രാൻറ് കൈകാര്യം ചെയ്യുന്ന കാര്യമോ മേൽനോട്ടം വഹിച്ചില്ല. ക്ലർക്കായ സംഗീതാണ് മുഴുവൻ പണവും കൈകാര്യം ചെയ്ത്. ബാങ്കുകളിൽ നിന്നും ജില്ലാ ഓഫീസുകളിൽ നിന്നും വന്ന പണം പല ഘട്ടങ്ങളിലായി സംഗീത് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽകുമാറിന്‍റെ അക്കൗണ്ടിലേക്കും മാറ്റികൊണ്ടിരുന്നു. ഓഡിറ്റുകള്‍ നടന്നപ്പോള്‍ വ്യാജ ബാങ്ക് സ്റ്റേറ്റ്മെൻറുകളാണ് സംഗീത് സമർപ്പിച്ചത്.

ഒരു പൊതുമേഖല ബാങ്കിൽ ബോർഡിനുണ്ടായിരുന്ന അക്കൗണ്ടുകള്‍ നിർത്തലാക്കാനും പുതിയ ബാങ്കിൽ അക്കൗണ്ട് തുടങ്ങാനും തീരുമാനിച്ചിരുന്നു. ഉപേക്ഷിച്ച അക്കൗണ്ടിൽ നിന്നും പുതിയ അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള ചുമതലയുണ്ടായിരുന്ന ക്ലർക്ക് സംഗീത് ആ പണവും തട്ടിയെടുത്തിട്ടും ബോർഡ് അറിഞ്ഞില്ല. വ‍ർഷത്തിൽ നാലു പ്രാവശ്യം ബോർഡ് ചേർന്ന് സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെ വിലയിരുത്തണമെന്നാണ് ചട്ടം. എന്നാൽ, അത് പാലിക്കപ്പെട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും ക്യാഷ് ചെക്കുകള്‍ വ്യാജ ഒപ്പും സീലും പതിച്ച് സംഗീത് മാറിയെടുത്തു. ഒരു ക്ലർക്ക് നടത്തിയ ഈ തിരിമറി ബോർ‍ഡോ സിഇഒയോ അറിഞ്ഞില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ക്ലർക്കായ സംഗീത് ഇപ്പോള്‍ സസ്പെൻഷനിലാണ്. വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. സംഗീതിന് മാത്രമായി ഇത്രയും ക്രമക്കേട് നടത്താൻ കഴിയുമോയെന്നത് ദുരൂഹമായി തുടരുകയാണ്. വിജിലൻസിന്‍റെയും പൊലീസിന്‍റെയും കേന്ദ്ര ഏജന്‍സികളുടെയും ഉള്‍പ്പെടെയുള്ള അന്വേഷണത്തിനും ഓഡിറ്റിൽ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

YouTube video player