2011-ൽ രൂപീകൃതമായതു മുതൽ എകെ ശശീന്ദ്രൻ വിജയിച്ചുവരുന്ന ഏലത്തൂർ മണ്ഡലത്തിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. സമീപകാല തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം യുഡിഎഫിന് പ്രതീക്ഷ നൽകുമ്പോൾ, ചിഹ്നത്തിലെ ആശയക്കുഴപ്പവും ബിജെപിയുടെ വർധിച്ചുവരുന്ന വോട്ട് വിഹിതവും മത്സരഫലത്തെ നിർണ്ണായകമാക്കും.

ഏലത്തൂർ മണ്ഡലം നിലവിൽ വന്നതിനുശേഷം ഇതുവരെയായി എകെ ശശീന്ദ്രൻ മാത്രമാണ് വിജയിച്ചുവരുന്നത്. 2011-ൽ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം രൂപീകൃതമായ മണ്ഡലമാണിത്. കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ ഉൾപ്പെടെയുള്ള ആറ് വാർഡുകളും ചേളന്നൂർ, കാക്കോട്, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് ഈ മണ്ഡലം. 2011-ലും 2016-ലും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ശശീന്ദ്രൻ എലത്തൂരിനെ ഇടത് കോട്ടയായി ഉറപ്പിക്കുകയായിരുന്നു. സാധാരണൻ ​ഗതിയിൽ ഘടക കക്ഷികളാണ് യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. ഇത്തവണ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥി തന്നെയാണ് മത്സരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് എലത്തൂരിൽ നേട്ടമുണ്ടാക്കാനായിടുണ്ട് ഇതാണ് കോൺ​ഗ്രസിൻ്റെ പ്രതീക്ഷ. കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ, കാക്കൂർ തുടങ്ങി നാല് പഞ്ചായത്തുകളിൽ 65 വർഷത്തോളമായി എൽഡിഎഫിൻ്റെ ആധിപത്യത്തിലായിരുന്നു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ നാല് പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയ സ്ഥിതിക്ക് ഏലത്തൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് യുഡിഎഫ് നേതൃത്വം.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം

2011ലെ തെരഞ്ഞെടുപ്പിൽ‌ എൻസിപിയുടെ എകെ ശശീന്ദ്രനെതിരെ എസ്ജെഡിയുടെ ഷെയ്ഖ് പി ഹാരിസ് ആണ് മത്സരിച്ചത്. 14,654 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എകെ ശശീന്ദ്രൻ വിജയിച്ചിരുന്നത്. ആ തെരഞ്ഞെടുൽ എൻഡിഎ സ്ഥാനാർഥിയായ വിവി രാജന് 11,901 വോട്ടുകളാണ് ലഭിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിയുവിലെ കിഷൻ ചന്ദ് ആണ് എകെ ശശീന്ദ്രനെതിരെ മത്സരിച്ചത്. 29,057 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു എകെ ശശീന്ദ്രൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആ തവണ ബിജെപി സ്ഥാനാർഥിയായ രാജൻ നായർക്ക് മണ്ഡലത്തിൽനിന്ന് 29,070 വോട്ടുകളാണ് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ എകെ ശശീന്ദ്രനെതിരെ മത്സരിച്ചിരുന്നത് ഡിസികയുടെ സുൽഫിക്കർ മയൂരിയാണ്. 38,502 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എകെ ശശീന്ദ്രൻ കഴിഞ്ഞ തവണ വിജയിച്ചത്. ബിജെപി സ്ഥാനാർഥി ടിപി ജയചന്ദ്രൻ മാസ്റ്റർ 32,010 വോട്ടുകൾ നേടിയിരുന്നു. അതായത് എകെ ശശീന്ദ്രൻ്റെ ഭൂരിപക്ഷം മണ്ഡലത്തിൽ കൂടിവരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതേസമയം ബിജെപി അവരുടെ അടിത്തറ മണ്ഡലത്തിൽ ശക്താമാക്കുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സ്ഥാനാർഥികൾ

എകെ ശശീന്ദ്രൻ തന്നെയാണ് ഇത്തവണയും എൽഡിഎഫിനായി രം​ഗത്ത് ഇറങ്ങുന്നത്. കോൺ​ഗ്രസിൻ്റെ വിദ്യ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. ടി ദേവദാസ് ആണ് ബിജെപി സ്ഥാനാർഥി. എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥി പി.കെ. ശശീന്ദ്രനും മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്. ഇത്തവണ ക്ലോക്ക് ചിഹ്നം ഇവര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. ചിഹ്നത്തിലെ അട്ടിമറിയും പേരിലെ സാമ്യവും വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളാണ് എൽഡിഎഫിൻ്റെ പ്രചരണായുദ്ധം. ചിഹ്നത്തിലെ അട്ടിമറി പരിഹരിക്കാന്‍ ബൂത്ത് തലത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച പ്രവര്‍ത്തനം തുടരുമ്പോഴും ഇടതുകോട്ടയില്‍ ഇത്തവണ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ് യുഡിഎഫിൻ്റെ പ്രതീക്ഷ. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഏലത്തൂർ. എങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാകും.