തിരുവനന്തപുരം: മദ്യലഹരിയിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകനായ കെഎം ബഷീർ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് തുടക്കത്തിലുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. അപകടത്തിന് ശേഷം മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ രക്തപരിശോധന നടത്താതെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണ്.

യുവ മാധ്യമപ്രവർത്തകന്റെ മരണം വൻ വിവാദമായതോടെ രക്തപരിശോധന നടത്താതിരുന്നതിന് ന്യായീകരണവുമായി തിരുവനന്തപുരം സിറ്റി പൊലീസ് ഡപ്യുട്ടി കമ്മിഷണറെത്തിയിരുന്നു. പ്രതിയുടെ സമ്മതം ഇല്ലാതെ രക്തസാമ്പിൾ ശേഖരിക്കാനാവില്ല എന്നായിരുന്നു കോരി സഞ്ജയ്‌കുമാർ ഗുരുദിന്റെ വിശദീകരണം.

മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന ഒരാൾക്ക്, രക്തപരിശോധനയെ എതിർക്കാമെന്ന ഡിസിപിയുടെ പ്രസ്താവനയെ അമ്പരപ്പോടെയാണ് മലയാളികൾ കേട്ടത്. പലരും ഇത് നേരാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഏത് കേസിലായാലും കുറ്റം ആരോപിച്ച് പിടിക്കപ്പെടുന്ന ഒരാളുടെ രക്തം പരിശോധിക്കാൻ സമ്മതം വേണമെന്നത് തീർത്തും തെറ്റായ വാദമാണ്.

കുറ്റാരോപിതനായ ഒരാൾ രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുന്ന പക്ഷം നിയന്ത്രിത ബലം ഉപയോഗിച്ച് ഇയാളുടെ രക്തസാമ്പിൾ ശേഖരിക്കാൻ പൊലീസിന് അധികാരമുണ്ട്. സിആർപിസി സെക്ഷൻ 53 ൽ ഇത് വിശദീകരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം രക്തം, രക്തക്കറ, ബീജം, ഉമിനീർ, മുടിയുടെയും നഖത്തിന്റെയും സാമ്പിളുകൾ തുടങ്ങിയ ശേഖരിക്കാൻ ബലം പ്രയോഗിക്കാവുന്നതാണ്.

മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന കേസുകളിൽ, പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കേണ്ടതും രക്തം പരിശോധിക്കേണ്ടതുമാണ്. ആദ്യ മണിക്കൂറുകളിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് പിന്നീട് കുറഞ്ഞുവരും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന ഒരാളുടെ രക്തസാമ്പിൾ ശേഖരിക്കാൻ അയാളിൽ ബലം പ്രയോഗിക്കാൻ 1988 ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 204 ലും പൊലീസിന് അധികാരം നൽകുന്നുണ്ട്. ഐഎഎസ് ഓഫീസറായാലും ഓഫീസറായാലും നിയമത്തിൽ പ്രത്യേക ഇളവുകളില്ല. ശ്രീറാം വെങ്കിട്ടരാമന് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയായിരുന്നോ പൊലീസെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്.