കൊടുംചൂടിൽ കേരളം വെന്തുരുകുമ്പോൾ ചർമ്മത്തിന്റെ ആരോഗ്യം വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്. പലരും സൗന്ദര്യ സംരക്ഷണത്തിന് നൽകുന്ന പ്രാധാന്യം ചർമ്മത്തിന്റെ ആരോഗ്യത്തിന് നൽകാറില്ല എന്നതാണ് വാസ്തവം. എറണാകുളം അമൃത ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗം പ്രൊഫസർ ഡോ. സൗമ്യ ജഗദീശൻ പങ്കുവെക്കുന്ന വിലപ്പെട്ട നിർദ്ദേശങ്ങൾ നോക്കാം..

കേരളത്തിൽ ഇപ്പൊൾ അനുഭവപ്പെടുന്നത് അസാധാരണമായ ചൂടാണ്. പണ്ട് നമ്മൾ ആരോഗ്യത്തിന് നല്ലതെന്ന് കരുതിയിരുന്ന അതിരാവിലെയുള്ള ഇളവെയിൽ പോലും ഇന്ന് ചർമ്മത്തിന് അത്ര ഗുണകരമല്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. രാവിലത്തെ വെയിൽ കൊള്ളുന്നത് വൈറ്റമിൻ ഡി ലഭിക്കാൻ നല്ലതാണെന്നാണ് നമ്മുടെ പൊതുവായ ധാരണ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഹ്യുമിഡിറ്റി വളരെ കൂടുതലായതിനാൽ വെയിൽ കൊള്ളുന്നത് അമിതമായ വിയർപ്പിനും ചർമ്മപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഡോ. സൗമ്യ പറയുന്നു. ഏതാനും മിനിറ്റുകൾ മാത്രം നീളുന്ന നടത്തത്തിന് ശേഷം വെയിലത്ത് നിൽക്കാതെ തണലിലേക്ക് മാറുന്നതാണ് ചർമ്മത്തിന് ഉചിതം.

സൺസ്ക്രീൻ എന്ന രക്ഷാകവചം: നൂറ് ശതമാനം സുരക്ഷിതമാണോ?

വെയിലത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ചർമ്മത്തെ ഒരു പരിധി വരെ സംരക്ഷിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ സൺസ്ക്രീൻ പുരട്ടിയതുകൊണ്ട് മാത്രം വെയിലിലെ എല്ലാ അപകടങ്ങളിൽ നിന്നും രക്ഷപെടാം എന്ന് കരുതുന്നത് തെറ്റാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വെയിൽ മൂലം ഉണ്ടാകുന്നത്: സൺ സ്ട്രോക്ക് , സൺ ബേൺ, സൺ അലർജി. ഇതിൽ സൺസ്ക്രീൻ പ്രധാനമായും ചർമ്മത്തെ സൺ ബേണിൽ നിന്നും അലർജിയിൽ നിന്നും മാത്രമാണ് സംരക്ഷിക്കുന്നത്.

പലരും ചിന്തിക്കുന്നത് സൺസ്ക്രീൻ പുരട്ടിയാൽ വെയിലിലെ എല്ലാ അപകടങ്ങളിൽ നിന്നും രക്ഷപെടാം എന്നാണ്. എന്നാൽ സൺസ്ക്രീൻ നൂറ് ശതമാനം സംരക്ഷണം തരില്ലെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. സൺസ്ക്രീൻ നമ്മുടെ ചർമ്മത്തെ സൺ ബേണിൽ നിന്നും ഒരു പരിധി വരെ അലർജിയിൽ നിന്നും സംരക്ഷിക്കുമെങ്കിലും, സൂര്യതാപത്തെ പ്രതിരോധിക്കാൻ അതിന് കഴിയില്ല.

സൂര്യതാപം എന്നത് ചർമ്മത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല, അത് നാഡീവ്യൂഹത്തെയും മൊത്തം ശരീരത്തെയുമാണ് ബാധിക്കുന്നത്. തളർച്ചയോ തലവേദനയോ അനുഭവപ്പെട്ടാൽ അത് സാരമായി കണ്ട് തണലിലേക്ക് മാറുകയും ശരീരം ഹൈഡ്രേറ്റ് ചെയ്യുകയും വേണം. വിപണിയിൽ ലഭിക്കുന്ന മിക്ക സൺസ്ക്രീനുകളും UVB രശ്മികളെയും ഒരു പരിധി വരെ UVA രശ്മികളെയും മാത്രമേ തടയുന്നുള്ളൂ എന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നു.

മെലാനിൻ: മലയാളിയുടെ രക്ഷാകവചം

വെയിൽ അധികം കൊള്ളുന്നത് ചർമ്മത്തിലെ ക്യാൻസറിന് കാരണമാകുമോ എന്ന പേടി പലർക്കുമുണ്ട്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യക്കാരിൽ, പ്രത്യേകിച്ച് മലയാളികളിൽ സ്കിൻ ക്യാൻസർ സാധ്യത താരതമ്യേന കുറവാണെന്ന് ഡോ. സൗമ്യ ജഗദീശൻ പറയുന്നു. ഇതിന് കാരണം നമ്മുടെ ചർമ്മത്തിലെ മെലാനിൻ എന്ന ഘടകമാണ്. നമ്മുടെ ഇരുണ്ട ചർമ്മത്തിലെ പിഗ്മെന്റുകൾ വെയിലിനെ പ്രതിരോധിക്കുന്ന ഒരു സ്വാഭാവിക രക്ഷാകവചമായി പ്രവർത്തിക്കുന്നു. എങ്കിലും വെയിലത്ത് തുടർച്ചയായി ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

വേനൽക്കാലത്തെ ചർമ്മരോഗങ്ങളും പരിഹാരങ്ങളും

ചൂട് കൂടുമ്പോൾ അമിതമായി വിയർക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയാനും കുരുക്കൾ വരാനും കാരണമാകും. ഈ സമയത്ത് പലരും മുഖം വൃത്തിയാക്കാൻ വീര്യമേറിയ ഫേസ് വാഷുകൾ ഉപയോഗിക്കാറുണ്ട്. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. മുഖം കഴുകാൻ എപ്പോഴും മൃദുവായ ക്ലെൻസറുകൾ ഉപയോഗിക്കണം.

വേനൽക്കാലത്ത് ചർമ്മത്തിൽ ഫംഗൽ ഇൻഫെക്ഷനുകൾ, ചൊറി, വിയർപ്പ് മൂലമുള്ള തടിപ്പുകൾ എന്നിവ വരാൻ സാധ്യത കൂടുതലാണ്. വിയർപ്പ് ചർമ്മത്തിൽ തങ്ങിനിൽക്കാതെ നോക്കുന്നതും കൃത്യമായ ശുചിത്വം പാലിക്കുന്നതും ഇത്തരം അസുഖങ്ങളെ തടയാൻ സഹായിക്കും.

നമുക്ക് എന്ത് ചെയ്യാൻ കഴിയും?

വെയിൽ നിയന്ത്രിക്കുക: ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ടുള്ള വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. അനിവാര്യമായ സാഹചര്യങ്ങളിൽ തണൽ തേടുകയോ കുട ഉപയോഗിക്കുകയോ ചെയ്യുക.

ജലാംശം നിലനിർത്തുക: ചർമ്മത്തിന്റെ ആരോഗ്യത്തിന് പുറമെ നിന്നുള്ള സംരക്ഷണത്തേക്കാൾ പ്രധാനം ഉള്ളിൽ നിന്നുള്ളതാണ്. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിന് നവോന്മേഷം നൽകും.

അമിതമായി മുഖം കഴുക്കുന്നത് ഒഴിവാക്കുക: അമിതമായി മുഖം കഴുകുന്നതും ചർമ്മത്തിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാൻ കാരണമാകും. ഇതിലൂടെ ചർമ്മം കൂടുതൽ വരണ്ടതാകാൻ സാധ്യതയുണ്ട്.

ശരിയായ വസ്ത്രധാരണം: വെയിലിനെ പ്രതിരോധിക്കുന്ന അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

ചുരുക്കത്തിൽ, സൺസ്ക്രീൻ ഒരു അലങ്കാരമല്ല, അതൊരു ആവശ്യമാണ്. എന്നാൽ അതിനോടൊപ്പം തന്നെ ശരിയായ ജീവിതശൈലിയും വെയിലിനെ നേരിടുന്നതിലെ വിവേകവും ചേരുമ്പോഴാണ് നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നത്. ചർമ്മത്തിൽ എന്തെങ്കിലും അസാധാരണമായ മാറ്റങ്ങളോ അസ്വസ്ഥതകളോ തോന്നിയാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടാനും മറക്കരുത്.

YouTube video player