അഞ്ച് വര്‍ഷം മുമ്പാണ് എംടെക് വിദ്യാര്‍ഥിയായിരുന്ന നജീബിനെ കാണാതായത്. 2017ല്‍ മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പൊലീസ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 

മലപ്പുറം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐഎസ് ഖൊറാസാന്‍ (ISKP-ഐഎസ്‌കെപി) അംഗം നജീബ് അല്‍ഹിന്ദി (Najeeb Al Hindi) മലപ്പുറം (Malappuram) പൊന്മള സ്വദേശിയാണെന്ന് സംശയം. അഞ്ച് വര്‍ഷം മുമ്പാണ് എംടെക് വിദ്യാര്‍ഥിയായിരുന്ന നജീബിനെ കാണാതായത്. 2017ല്‍ മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പൊലീസ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വെല്ലൂര്‍ കോളേജില്‍ എംടെക്കിന് പഠിക്കുമ്പോഴാണ് അന്ന് 23കാരനായ നജീബിനെ കാണാതയത്. എന്നാല്‍ നജീബിനെതിരെ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് പിന്മാറി. ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റേതാണെങ്കിലും കൊല്ലപ്പെട്ട കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് പൊലീസ് പറഞ്ഞു. 

നജീബ് രാജ്യം വിട്ട് ഐഎസില്‍ ചേര്‍ന്നതായും നേരത്തേ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്തക്ക് സ്ഥിരീകരണമുണ്ടായിരുന്നില്ല. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോള്‍ വീണ്ടും ഐഎസ് മുഖപത്രത്തില്‍ വന്നതെന്നാണ് നിഗമനം.

പാകിസ്ഥാൻ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് യുവാവ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് ഐഎസ് ഖൊറാസൻ പ്രവിശ്യയുടെ മുഖപത്രം വ്യക്തമാക്കുന്നു.

2017 ഓഗസ്റ്റ് 16-നാണ് നജീബ് ഇന്ത്യ വിടുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോയ നജീബ് അവിടെ നിന്ന് സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയതായാണ് രഹസ്യാന്വേഷണ ഏജൻസികൾ നല്‍കുന്ന വിവരം. അഫ്ഗാനിസ്ഥാനിലെത്തിയ യുവാവ് ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഒരു സുഹൃത്തിന്‍റെ നിര്‍ബന്ധത്തിലാണ് നജീബ് പാക്കിസ്ഥാന്‍ സ്വദേശിനിയെ വിവാഹം കഴിച്ചത്. വിവാഹം നടന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ യുദ്ധമുഖത്തേക്ക് പോയ നജീബ് ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, 2016ല്‍ ജെഎന്‍യുവില്‍നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ഥിയെ കാണാതായ സംഭവവുമായി ഇതിനെ ബന്ധിപ്പിച്ച് വ്യാജപ്രചാരണം സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. ജെഎന്‍യുവില്‍ ബയോടെക്‌നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ കശ്മീര്‍ സ്വദേശിയായ നജീബിനെ ക്യാംപസില്‍ എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കാണാതാകുകയായിരുന്നു.