ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിശാലബെഞ്ചിന്‍റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ശബരിമല പുനഃപരിശോധന ഹർജികളിൽ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ വാദിച്ചിരുന്നു. പുനഃപരിശോധന ഹർജികളിൽ ആദ്യം തീർപ്പ് കല്‍പ്പിക്കണമെന്നും നരിമാൻ ആവശ്യപ്പെട്ടിരുന്നു. നരിമാന്‍റെ വാദത്തെ കേരള സർക്കാരും പിന്തുണച്ചിരുന്നു.

വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ വാദം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക. കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയ കോടതി തിങ്കളാഴ്ച വിശാല ബെഞ്ചിലെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുമെന്നും ബുധനാഴ്ച മുതൽ അന്തിമവാദം കേൾക്കൽ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.

വിശാല ബെഞ്ചിനെതിരെ ഉയർന്ന എതിർപ്പുകൾ തള്ളുമെന്ന സൂചനകൂടിയാണ് ഇതിലൂടെ കോടതി നൽകിയത്. പുനഃപരിശോധന ഹർജികളിൽ തീർപ്പാക്കണമെന്ന് കോടതി വിധിച്ചാൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ അത് നിർണ്ണായകമാകും.