ബജറ്റിൽ ഫണ്ട് വകയിരുത്താത്ത ലൈഫ് പദ്ധതിയിൽ പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. എന്നാൽ പ്രതികാരബുദ്ധിയോടെ പദ്ധതിയെ സമീപിക്കില്ലെന്നും അർഹതപ്പെട്ടവർക്ക് വീട് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകിയപ്പോൾ, പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു.

കോഴിക്കോട്: ലൈഫ് പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കെ.എം. ഷാജി. ലൈഫ് പദ്ധതിയില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് കെ എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രശ്നങ്ങൾ ഉള്ളതു കൊണ്ടാണ് കുന്ദമംഗലത്തെ ഫ്ലാറ്റ് സമുച്ചയത്തിന്‍റെയുള്‍പ്പെടെ നിര്‍മ്മാണം നിലച്ചത്. ലൈഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. ലൈഫിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വന്ന പ്രശ്നങ്ങളെന്തെന്ന് പരിശോധിക്കും. ലൈഫിന് ബജറ്റില്‍ ഫണ്ട് വകയിരുത്തിയില്ലെന്ന് പറഞ്ഞ് ഇടതു പക്ഷം ബേജാറാകണ്ട കാര്യമില്ല. ലൈഫ് നിര്‍ത്തി, നിങ്ങളൊക്കെ വീട് നിര്‍മാണം നിര്‍ത്തിക്കോയെന്ന് ഗുണഭോക്താക്കളോട് പറയില്ല. ലൈഫ് നിര്‍ത്തി വേറെ പദ്ധതി പ്രഖ്യാപിച്ചതു കൊണ്ട് ആളുകളുടെ പ്രശ്നം പരിഹരിക്കാന്‍ പോകുന്നില്ല. പ്രതികാര ബുദ്ധിയോടെ പദ്ധതിക്കെതിരെ സമീപനം എടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതി വഴിയില്‍ വെച്ച് ബ്ലോക്ക് ചെയ്ത് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് കൊടുക്കാതിരിക്കില്ല. അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കാന്‍ പദ്ധതിയുണ്ടാകും. ലൈഫ് നടത്തിക്കൊണ്ടു പോകുന്നതില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും കെ.എം. ഷാജി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിർമ്മാണം തുടങ്ങിയ വീടുകൾക്ക് സഹായം മുടങ്ങില്ല എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും പദ്ധതി പരിശോധിച്ച ശേഷം ഭാവി തീരുമാനം എന്നാണ് തദ്ദേശ മന്ത്രി കെഎം ഷാജി പറയുന്നത്. ബജറ്റിൽ പണം നീക്കി വെക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുൻ തദ്ദേശ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. പിന്നോക്ക വിഭാഗങ്ങൾക്ക് ഭവന പദ്ധതികൾ പ്രഖ്യാപിച്ചു എങ്കിലും ലൈഫ് പദ്ധതിക്ക് ബജറ്റിൽ വിഹിതം നീക്കി വെച്ചിട്ടില്ല.

നിലവിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടുകൾക്ക് സഹായം മുടങ്ങില്ല പക്ഷേ ഭാവികാരും തീർത്തു പറയാതെയാണ് ഷാജി പ്രതികരിച്ചത്. പദ്ധതിയിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ ഷാജി സർക്കാർ ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ ബജറ്റിലെ നിലപാടും മന്ത്രിയുടെ പ്രതികരണവും ഒക്കെ ദുസൂചനയാണ് നൽകുന്നത്. ലൈവ് പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് ചെയ്യുന്നതെന്ന് എം ബി രാജേഷ് ആരോപിച്ചു. കഴിഞ്ഞ സർക്കാർ ഭരണ നേട്ടമായി ഉയർത്തിക്കാട്ടിയത് ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ എണ്ണത്തിലുള്ള വർദ്ധനവാണ്. അതിൽ സ്വജനപക്ഷപാതവും സുതാര്യതയില്ലായ്മയും പ്രതിപക്ഷത്തിരിക്കെ ആരോപിച്ച യുഡിഎഫ്, ഭരണത്തിൽ എത്തിയതോടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് സംശയം ബലപ്പെട്ടിരുന്നു.