തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷകൾക്ക് പിന്നാലെ ഇന്ന് മുതൽ 31 വരെ നടക്കാനിരുന്ന ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളും മാറ്റി. അതേസമയം, ഇന്നത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ നടന്നു. തുടർന്നുള്ള പരീക്ഷകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ കൂടിയാലോചനകൾ തുടരുന്നു.

ഇന്നലെ രാത്രിയാണ് 31 വരെയുള്ള സിബിഎസ്ഇ പരീക്ഷകൾ മാറ്റിയത്. അപ്പോഴും ഐസിഎസ്ഇ പരീക്ഷകൾക്ക് മാറ്റമുണ്ടായിരുന്നില്ല. പക്ഷെ രാവിലെ ഐഎസിഎസ്ഇ പരീക്ഷകളും മാറ്റാനുള്ള തീരുമാനം വന്നു. സംസ്ഥാനത്തെ പരീക്ഷകളുടെ കാര്യത്തിൽ ഇന്നലെ രാത്രി ആദ്യം ആശയക്കുഴപ്പമായിരുന്നു. പിന്നീട് എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകളില്‍ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും സർവ്വകലാശാല പരീക്ഷകൾ മാറ്റില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പും അറിയിച്ചു. രാവിലെ പതിവ് പോലെ പരീക്ഷക്കെത്തിയ വിദ്യാർത്ഥികൾക്കിടയിൽ പരീക്ഷ മാറ്റുന്നതിൽ രണ്ടഭിപ്രായമായിരുന്നു

മാര്‍ച്ച് 26 വരെയാണ് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ. ഇത്തവണ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ച് നടത്തുന്നതിനാൽ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ നല്ല തിരക്കുണ്ട്. ഈ സാഹചര്യം കൊണ്ടും കേന്ദ്ര തീരുമാനം വന്നതും കാരണം പരീക്ഷകൾ മാറ്റണമെന്ന പ്രതിപക്ഷ അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ വകുപ്പ് തിരിക്കിട്ട ചർച്ചകളിലാണ്. നാളെ മുതലുള്ള പരീക്ഷകൾ മാറ്റണമെന്ന ആവശ്യം അടക്കം പരിശോധിക്കുന്നുണ്ട്. വൈകീട്ടോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക