ഉച്ചയ്ക്ക് 12.30 കൂടി വീട്ടിലേയ്ക്ക് എത്തിച്ച മൃതദേഹത്തെക്കാത്ത് രാഷ്ട്രീയ - സാമുദായിക നേതാക്കൾ അടക്കമുള്ളവർ നിറകണ്ണുകളോടെ കാത്തുനിന്നു
ചേർത്തല: ആരതിയ്ക്ക് വെട്ടയ്ക്കൽ ഗ്രാമം കണ്ണീരോടെ വിടനൽകി. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് മരിച്ച വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപ് - ബാലാമണി ദമ്പതികളുടെ മകൾ ആരതി (30)യെയാണ് വൻ ജനാവലി കണ്ണീരോടെ യാത്രയാക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 കൂടി വീട്ടിലേയ്ക്ക് എത്തിച്ച മൃതദേഹത്തെ കാത്ത് രാഷ്ട്രീയ - സാമുദായിക നേതാക്കൾ അടക്കമുള്ളവർ നിറകണ്ണുകളോടെ കാത്തുനിന്നു.
ആരതിയുടെ മക്കളായ ഏഴ് വയസുകാരൻ ഇഷാനും, മൂന്നര വയസുള്ള ഇളയ കുട്ടി സിയയ്ക്കും അമ്മയുടെ മുഖം ഒരു നോക്കു കാണാൻ പോലും മാകാതെ കരഞ്ഞപ്പോൾ കണ്ടു നിന്നവർക്കു പോലും സങ്കടം കടലായി ഒഴുകി. മുഖം പോലും പുറത്ത് കാണാൻ പറ്റാത്ത രീതിയിൽ മുഴുവനും വെള്ള തുണിയിൽ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കൊണ്ടുവന്നത്. സഹോദരൻ ബിബിനെ സുഹൃത്തുക്കൾ പലവട്ടം ആശ്വസിപ്പിക്കുന്നതും വളരെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.
മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരതിയുടെ മകൻ ഇഷാൻ ചിതയ്ക്ക് തീ കൊളുത്തി. ആരതിയുടെ ഭർത്താവ് സാംജി ചന്ദ്രനും സംഭവത്തിൽ പൊള്ളലേറ്റെങ്കിലും അപകട നില തരണം ചെയ്തതായി ആശുപത്രിയിൽ നിന്നും അറിയിച്ചു. കൃഷിമന്ത്രി പി. പ്രസാദ്, എ. എം ആരീഫ് എംപി, എസ്. ശരത്, എൻ. എസ്. ശിവപ്രസാദ്, സി. എസ് സുജാത, ഫാ. തോമസ് കെ പ്രസാദ് എന്നിവർ വീട്ട് വളപ്പിൽ നടന്ന ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു.
