Asianet News MalayalamAsianet News Malayalam

ഐഎസ്ആർഒ ചാരക്കേസ് ഗൂഡാലോചന; നമ്പിനാരായണനിൽ നിന്നും ഇന്ന് സിബിഐ മൊഴിയെടുക്കും

ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തിയെന്നാണ് സിബിഐ കേസ്.

isro spy case conspiracy  nambi narayanan statement to be recorded by cbi
Author
Trivandrum, First Published Jun 29, 2021, 9:39 AM IST

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ പരാതിക്കാരനായ നമ്പിനാരായണനിൽ നിന്നും ഇന്ന് സിബിഐ മൊഴിയെടുക്കും. പത്തര മണിക്ക് തിരുവനന്തപുരം സിബിഐ ഓഫീസിലെത്താനാണ് നിർദ്ദേശം. അന്വേഷണത്തിന് നേതൃത്വം നൽകുന്ന സിബിഐ ദില്ലി യൂണിറ്റ് ഡിഐജി സന്തോഷ് ചാൽക്കേയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്.

ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തിയെന്നാണ് സിബിഐ കേസ്. 18 ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് എഫ്ഐആർ. നമ്പിനാരായണൻറെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളായവരെ ചോദ്യം ചെയ്യാൻ സിബിഐ വിളിക്കും.

സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. സിബി മാത്യൂസ് മുൻ ഐബി ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ എന്നിവരുൾപ്പെടെ 18പേരെ പ്രതിചേർത്ത് സിബിഐ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് സിഐയായിരുന്ന എസ് വിജയനാണ് ഒന്നാംപ്രതി, രണ്ടാം പ്രതി വ‌ഞ്ചിയൂർ എസ്ഐയായിരുന്ന തമ്പി എസ് ദുർഗാദത്ത്, നാലാം പ്രതി ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന  സിബി മാത്യൂസ്, ഏഴാം പ്രതി ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ ബി ശ്രീകുമാർ, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി ആർ രാജീവൻ, കെ കെ ജോഷ്വ  എന്നിവരടക്കമാണ് പതിനെട്ട് പ്രതികൾ.

സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സിബിഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios