‘പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും. ഏത് മണ്ഡലമെന്ന് നോക്കാതെ മത്സരിക്കും’.
ആലപ്പുഴ : കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ശോഭ സുരേന്ദ്രൻ. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും, അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി തുറക്കപ്പെടുമെന്നും ശോഭാ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വേഗം സംസ്ഥാന സർക്കാരിനില്ല. പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും. ഏത് മണ്ഡലമെന്ന് നോക്കാതെ മത്സരിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കാൻ നിയോഗിച്ചാൽ അതിനും തയ്യാറാണ്. കേരളത്തിൽ എൻഡിഎ സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ബിജെപിക്ക് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകുമെന്നും ശോഭ കൂട്ടിച്ചേർത്തു.


