Asianet News MalayalamAsianet News Malayalam

ചാരക്കേസ്; മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ, രണ്ട് കോടി വീതം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.

isro spy case mariam rasheeda and fauzia hasan in the supreme court seeking  two crore each in compensation
Author
Cochin, First Published Sep 22, 2021, 9:18 AM IST

കൊച്ചി: ഐ എസ് ആർ ഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹ‍സനും സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ എസ് ആർ ഒ ഗൂഡാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ ഹൗസനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കളളക്കേസിൽ ജയലിലടയ്ക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയ സുപ്രീംകോടതി ഉത്തരവിന് തുടർച്ചയായിട്ടാണ് ഇരുവരുടേയും നീക്കം. മൂന്നരവർഷത്തോളം വിചാരണപോലും ഇല്ലാതെ ജയിൽക്കിടന്നെന്നും തുടർന്നുളള സ്വൈര്യ ജീവിതം വഴിമുട്ടിയെന്നുമാണ് ഇരുവരുടെയും ഹ‍ർജിയിലുളളത്. 

മാലി ചാരവനിതകളെന്ന് മുദ്രകുത്തി കളളക്കേസിൽ ജയിലിലടയ്ക്കപ്പെട്ട തങ്ങൾക്ക് അ‍ർഹമായ നഷ്ടപരിഹാരം വേണം. സിബി മാത്യൂസ് അടക്കമുളള അന്നത്തെ 18 അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് രണ്ട് കോടി രൂപ വീതം ഈടാക്കി തങ്ങൾക്ക് നൽകണം. തങ്ങളെയും ഐ എസ് ആർ ഒ ശാസ്ത്രജ്ഞരേയും ചാരക്കേസിൽ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥർ കോടികൾ സമ്പാദിച്ചതു സംബന്ധിച്ചുകൂടി അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇൻസ്പെക്ടർ എസ് വിജയന്‍റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരമെന്നും തന്നോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ പ്രത്യേകം കേസെടുത്ത് അന്വേഷിക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്. 

നിലവിൽ സിബിഐയുടെ പക്കലുളള ഐഎസ് ആർ ഒ ഗൂഡാലോചനക്കസിൽ പ്രതികൾക്കോ സാക്ഷികൾക്കോ പുതുതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അന്വേഷണസംഘത്തെ അറിയിക്കാനാണ് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖാന്തരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios