ദില്ലി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെതിരായ ഗൂഢാലോചന സിബിഐ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സൂക്ഷിക്കും. ഇത് സിബിഐക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി.

കേസിൽ തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ പറഞ്ഞു. റിപ്പോർട് മാധ്യമങ്ങൾക്ക് നൽകരുതെന്ന് സിബി മാത്യൂസ് പറഞ്ഞു. ജയിൻ കമ്മീഷൻ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സിബിഐക്ക് അന്വേഷണ ആവശ്യത്തിനായി നൽകും. റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുള്ളതല്ല. സിബിഐക്ക് റിപ്പോർട്ട് നൽകരുതെന്ന് കേന്ദ്രസർക്കാരും ആവശ്യപ്പെട്ടെങ്കിലും ഇതും തള്ളി.

റിപ്പോർടിൽ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് ഖാൻവീൽക്കർ പറഞ്ഞു. സിബിഐ ഡറക്ടർക്കോ, സിബിഐ ആക്ടിറിംഗ് ഡയറക്ടർക്കോ റിപ്പോർട് കൈമാറാൻ നിർദ്ദേശം നൽകി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകില്ല. അടുത്ത മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകണമെന്നും കോടതി ഉത്തരവിട്ടു.