വയനാട്: കൊവിഡ് പ്രതിരോധ പ്രവർത്തനം പൊലീസ് ഏറ്റെടുത്തതോടെ നിയന്ത്രണങ്ങളിൽ വലഞ്ഞ് ജനങ്ങൾ. പാസ് ഉണ്ടായിട്ടും ബെംഗളൂരുവിൽ നിന്നെത്തിയ യുവാവിനെ വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ പൊലീസ് ആറ് മണിക്കൂർ തടഞ്ഞുവെച്ചു. ജില്ലാ കളക്ടർ നേരിട്ട് എത്തിയാണ് യുവാവിനെ അതിർത്തി കടത്തിവിട്ടത്.

മുത്തങ്ങയിൽ  ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്നാണ് പേരാമ്പ്ര സ്വദേശി ബംഗലൂരുവിൽ സോഫ്റ്റ്‍വെയർ എൻജിനായറായ ഇന്ദ്രജിത്ത് തോൽപ്പെട്ടി ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വന്നത്. വൈകിട്ട് അഞ്ച് മണിക്ക് തോൽപ്പെട്ടിയിൽ എത്തിയ ഇദ്ദേഹത്തെ  കടത്തിവിടാൻ പൊലീസ് തയ്യാറായില്ല. ചരക്ക് വാഹനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ എന്നായിരുന്നു വാദം. ഡിഐജിയുടെ നിർദേശമാണെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ജില്ലാ ഭരണകൂടമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഇന്ദ്രജിത്തിനെ വിടാൻ നിർദേശം നൽകി.

എന്നാൽ, ആരോഗ്യപരിശോധനക്ക് മെഡിക്കൽ സംഘം വരണമെന്നായി പൊലീസ്. ഒടുവിൽ രാത്രി 11 മണിയോടെ ജില്ലാ കളക്ടർ അദീല അബ്ദുള്ള നേരിട്ടെത്തിയാണ് യുവാവിനെ കടത്തിവിട്ടത്. വൈകിയതിനാൽ താമസ സൗകര്യവും ഏർപ്പെടുത്തി. സമാനമായ രീതിയിൽ നിരവധി പേരാണ് അതിർത്തിയിലെ നിയന്ത്രണങ്ങളിൽ വലയുന്നത്. റവന്യൂ വകുപ്പ് ആരോഗ്യവകുപ്പുകൾ സംയുക്തമായി  കൈകാര്യം ചെയ്തിരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടം പൊലീസ് ഏറ്റെടുത്തതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചത് ഫലത്തിൽ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.