കാസര്‍കോട്: സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് കാസര്‍കോട് നിര്‍മ്മിക്കുന്ന കൊവിഡ് ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു. അഞ്ച് ഏക്കർ ഭൂമിയിലാണ് ആശുപത്രി കെട്ടിടം പണിയുക.  ആശുപത്രിയുടെ നിര്‍മ്മാണത്തിനായി 3.97 ഏക്കർ സ്ഥലം എംഐസി വിട്ടുകൊടുക്കും. സമീപത്തെ റവന്യൂ ഭൂമിയിൽ നിന്ന് എംഐസിക്കു തുല്ല്യമായ സ്ഥലം നൽകും.

നേരത്തെ ഭൂമിയുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ കൈമാറുന്നത് വരെ സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് എംഐസി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സെക്രട്ടറി യു എം അബ്ദുള്‍ റഹ്മാന്‍ മൗലവി കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിന് കത്ത് നല്‍കിയിരുന്നു. 

തുടര്‍ന്ന് വിഷയത്തില്‍ വേണ്ട പരിശോധനകള്‍ നടത്തി നടപടികള്‍ എടുക്കാന്‍ കളക്ടര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കിയിരുന്നു. കാസര്‍കോട്  കൊവിഡ് കൂടുതലായി പടർന്ന സാഹചര്യത്തിൽ ആണ് ടാറ്റ ഇത്തരത്തിൽ ആശുപത്രി കെട്ടിടം നിർമിക്കാമെന്ന വാഗ്‍ദാനവുമായി സംസ്ഥാന സർക്കാരിനെ സമീപിച്ചത്. 500 പേർക്ക് ചികിത്സ ലഭിക്കുന്ന സൗകര്യമുള്ള കെട്ടിടമാണ് ഇവിടെ ഒരുങ്ങുന്നത്.