25 ദിവസമാണ് മകളും മരുമകൻ ഉണ്ണികൃഷ്ണനും ഒന്നിച്ച് താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു. മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട
കമലേശ്വരം: തിരുവനന്തപുരം കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്. മകളുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. 6 വർഷത്തെ മാനസിക പീഡനവും അവഗണനയും കടുത്ത നടപടിക്ക് കാരണമെന്നാണ് ആരോപണം. 25 ദിവസമാണ് മകളും മരുമകൻ ഉണ്ണികൃഷ്ണനും ഒന്നിച്ച് താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു. മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാൻ തക്ക കാരണം ഒന്നും ഇല്ല. എന്തൊക്കെയോ നിസാര കാരണങ്ങൾ. അപമാന ഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു മതിയായി. ഈ സ്വത്തുക്കൾ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കൾ ആണ്. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും ആത്മഹത്യാ കുറിപ്പിൽ സജിതയും ഗ്രീമയും വിശദമാക്കുന്നത്. കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ രാജീവിന്റെ ഭാര്യ എസ് എൽ സജിത(54), മകൾ ഗ്രീമ എസ് രാജ്(30) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ് മകളും ഭർത്താവും ഒരുമിച്ച് ജീവിച്ചത് 25 ദിവസങ്ങൾ മാത്രമാണ്. 200 പവനും വീടും സ്ഥലവും സ്ത്രീധനമായി നൽകി. ഇരുവരും ആത്മഹത്യ ചെയ്തത് സയനൈഡ് കഴിച്ചാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മരുമകനെതിരെയാണ് ആരോപണം. ഇയാളിപ്പോൾ നാട്ടിലാണ്.ഇരുവരുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ആത്മഹത്യയിൽ പൂന്തുറ പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെ സജിതയും മകളും ബന്ധുക്കൾക്ക് വാട്സ്അപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു ഇവരുടെ അവസാന സന്ദേശത്തിലുള്ളത്. ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി, ഭർത്താവ് അയർലാൻഡിൽ ജോലി ചെയ്യുകയാണെന്നാണ് ബന്ധുക്കൾ നൽകുന്നത്. 200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയായിരുന്നു വിവാഹം. എന്നാൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായി യുവതി വിശദമാക്കിയതായാണ് ബന്ധുക്കൾ പറയുന്നത്. അടുത്തിടെ ഒരു മരണാന്തര ചടങ്ങിൽ വച്ച് കണ്ടപ്പോൾ വിവാഹ മോചനം നേടുന്ന കാര്യം ഭർത്താവ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിശദമാക്കി അമ്മയും മകളും ജീവനൊടുക്കിയത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


