മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്‍കൂളില്‍ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് സംഘടനയ്ക്ക് അധ്യാപകൻ പരാതി നൽകിയിരുന്നു. ഇതേ കാര്യങ്ങള്‍ സൂചിപ്പിച്ചുള്ള കുറിപ്പ് വീട്ടില്‍നിന്നും കുടുംബാംഗങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. 

വയനാട്: പൂക്കോട് എംആര്‍എസ് ഹെഡ്മാസ്റ്റര്‍ പി വിനോദിന്‍റെ മരണത്തില്‍ ആരോപണവുമായി അധ്യാപക സംഘടന കെഎസ്ടിഎ. സ്‌കൂളിലെ ചില സഹപ്രവർത്തകരിൽ നിന്നേറ്റ മാനസിക പീഡനത്തെ തുടര്‍ന്നാണ് അധ്യാപകന്‍ ആത്മഹത്യ ചെയ്‍തതെന്നാണ് പുറത്തുവരുന്ന സൂചന. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്‍കൂളില്‍ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് സംഘടനയ്ക്ക് അധ്യാപകൻ പരാതി നൽകിയിരുന്നു. ഇതേ കാര്യങ്ങള്‍ സൂചിപ്പിച്ചുള്ള കുറിപ്പ് വീട്ടില്‍നിന്നും കുടുംബാംഗങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്ന് അധ്യാപകര്‍ അറിയിച്ചു. 

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പി വിനോദന്‍ മാസ്റ്ററെ ഞായറാഴ്ച രാവിലെയാണ് പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് വീട്ടില്‍ എഴുതിവച്ച കുറിപ്പില്‍ താന്‍ കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അധ്യാപകന്‍ പറയുന്നു. സഹപ്രവർത്തകരില്‍ ചിലർ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും കുറിപ്പില്‍ വെളിപ്പെടുത്തുന്നുണ്ട്. കുറിപ്പ് വൈകാതെ കുടുംബം കേസന്വേഷിക്കുന്ന പയ്യോളി സിഐക്ക് കൈമാറും. 

സിപിഎം അനുകൂല അധ്യാപകരുടെ സംഘടനയായ കെഎസ്ടിഎ അംഗമായിരുന്ന പി വിനോദന്‍ ഇതേ കാര്യങ്ങളുന്നയിച്ച് കെഎസ്ടിഎ വയനാട് ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് 6 പേജുള്ള പരാതി നല്‍കിയത്. സ്കൂളിലെ വിദ്യാർത്ഥികള്‍ക്കായുള്ള പദ്ധതികളിലെ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളെകുറിച്ചടക്കം പരാതിയില്‍ പറയുന്നുണ്ട്.