തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറിൽ നാൽപത് മുതൽ അൻപത് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ഒഴികെ മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കിയിൽ രണ്ട് അണക്കെട്ടുകൾ രാവിലെ പത്തിന് തുറക്കും. പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ 10 സെന്‍റീമീറ്റര്‍ വീതമാണ് ഉയർത്തുക. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ  കൂടുതൽ മഴ ലഭിക്കുന്നതും വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാഹചര്യവും മുൻനിർത്തിയാണ് നടപടി. പെരിയാറിന്‍റെയും മുതിരപ്പുഴയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.