തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന് വെളിപ്പെടുത്തൽ .സെക്രട്ടേറിയറ്റിന് അടുത്താണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ജയശങ്ക‍ര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്ലാറ്റെന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുൺ ബാലചന്ദ്രൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഐടി വകുപ്പിലെ കൂടുതൽ പേരിലേക്ക് അന്വേഷണം പോകുന്നതിന്‍റെ സൂചനയാണ് പുറത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് സമീപത്ത് എം ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്ലാറ്റിലാണ് മുറി ബുക്ക് ചെയ്തത്. ദിവസ വാടകക്ക് റൂം ബുക്ക് ചെയ്യാൻ കഴിയുന്ന കെട്ടിട സമുച്ഛയത്തിൽ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നൽകിയെന്നും അരുൺ ബാലചന്ദ്രൻ പറയുന്നുണ്ട്. ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്നും ഐടി ഉദ്യോഗസ്ഥൻ പറയുന്നു. 

വാട്സ്ആപ്പ് വഴിയാണ് എം ശിവശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അരുൺ ബാലചന്ദ്രൻ പറയുന്നു. കെയര്‍ ടേക്കറുടെ വിവരങ്ങൾ എല്ലാം എം ശിവശങ്കറിന് കൈമാറിയിരുന്നു എന്നും ആരുൺ പറയുന്നു. ഐടി വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് അരുൺ ബാലചന്ദ്രൻ.  ഹൈ പവ്വര്‍ ഡിജിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്റ് ഓപ്പറേഷൻസ് ഡയറക്ടറാണ് അരുൺ ബാലചന്ദ്രൻ. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്നു.