Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ കാട്ടാനകളിൽ റേഡിയോ കോളർ ഘടിപ്പിക്കാനാകുമോയെന്ന് പരിശോധിക്കും, മയക്കുവെടിക്ക് തടസം ഭൂപ്രകൃതി

ഒരു കപ്പിൻറെ ആകൃതിയിലാണ് ഇടുക്കി ചിന്നക്കനാൽ മേഖലയിലെ ഭൂമിയുടെ കിടപ്പ്. ഏറ്റവുമടിയിൽ ആനയിറങ്കൽ ഡാം. ചുറ്റും മലനിരകൾ. എല്ലാ ഭാഗത്തുമെത്താൻ ആവശ്യമായ റോഡുകളുമില്ല. ഇതാണ് ദൗത്യ സംഘം നേരിടുന്ന വെല്ലുവിളികൾ

It will be checked if radio collars can be attached to the wild elephants in Idukki
Author
First Published Feb 7, 2023, 8:10 AM IST

തൊടുപുഴ: ഇടുക്കിയിലെ ആക്രമണകാരികളായ കാട്ടാനകളെ മയക്കുവെടി വെച്ച് പിടികൂടുന്നതിന് പ്രധാന തടസ്സം ജില്ലയുടെ ഭൂമി ശാസ്ത്രപരമായ ബുദ്ധിമുട്ടുകളെന്ന് ദൗത്യസംഘം. റേഡിയോ കോളർ ഘടിപ്പിച്ചാൽ ജനവാസ മേഖലയിലെത്തിയുള്ള ആക്രമണം ഒരു പരിധി വരെ തടയാനാകുമെന്നാണ് വനംവകുപ്പിൻറെ വിലയിരുത്തൽ.

ഒരു കപ്പിൻറെ ആകൃതിയിലാണ് ഇടുക്കി ചിന്നക്കനാൽ മേഖലയിലെ ഭൂമിയുടെ കിടപ്പ്. ഏറ്റവുമടിയിൽ ആനയിറങ്കൽ ഡാം. ചുറ്റും മലനിരകൾ. എല്ലാ ഭാഗത്തുമെത്താൻ ആവശ്യമായ റോഡുകളുമില്ല. ഇതാണ് ദൗത്യ സംഘം നേരിടുന്ന വെല്ലുവിളികൾ. ചെരിഞ്ഞ പ്രദേശത്തും ജലാശയത്തിനടുത്തും വച്ച് മയക്കു വെടി വയ്ക്കാൻ പാടില്ലെന്നാണ് നിയമം. മൂന്നു മണി കഴിഞ്ഞും വെടിവയ്ക്കാൻ പാടില്ല. 

2017 ൽ അരിക്കൊമ്പനെ ഇവിടെ വച്ച് ഒൻപതു തവണ മയക്കു വെടിവച്ചു. പതിമൂന്നു കിലോമീറ്ററാണ് അന്ന് ആന ഓടിയത്. മയക്കു വെടിയേറ്റ് ജലാശയത്തിലറങ്ങിയാൽ മരണം ഉറപ്പാണ്. ഇതൊക്കെയാണ് പിടികൂടി മറ്റൊരുസ്ഥലത്തേക്ക് മാറ്റാനുള്ള പ്രധാന തടസ്സങ്ങൾ. അതിനാലാണ് മയക്കുവെടിവച്ച് റേഡിയോ കോള‍ർ ഘടിപ്പിക്കാമെന്ന നി‍ർദ്ദേശത്തിന് വനംവകുപ്പ് പ്രാമുഖ്യം നൽകുന്നത്. ജി.പി.എസ് ഉപയോഗിച്ച് കാട്ടിനുള്ളിലെ വന്യമൃഗങ്ങളുടെ നീക്കങ്ങള്‍ മനസിലാക്കി മുന്‍കരുതലുകളെടുക്കാനുള്ള സംവിധാനമാണിത്.

മൈക്രോചിപ് ഘടിപ്പിച്ച കോളര്‍ പോലുള്ള ചെറിയ യന്ത്രം ആനയുടെ കഴുത്തില്‍ കെട്ടണം. സെന്‍സറുകളുടെ സഹായത്തോടെ ഉപഗ്രഹസംവിധാനം വഴി ആനയുടെ ഒരോ അനക്കങ്ങളും വനം വകുപ്പിന് അപ്പപ്പോൾ അറിയാൻ കഴിയും. അഞ്ച് വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയിലാണ് പ്രവര്‍ത്തനം. കഴുത്തിലായതിനാൽ പെട്ടന്ന് അഴിഞ്ഞു പോകില്ല. അഞ്ചു ലക്ഷം രൂപയോളം വില വരും. റേഡിയോ കോളർ വഴി നിരീക്ഷിക്കുമ്പോൾ ജനവാസ മേഖലക്കടുത്ത് എത്തുന്നതിൻറെ സൂചന ലഭിച്ചാൽ ആർആർടിക്ക് എത്തി കാട്ടിലേക്ക് തുരത്താൻ കഴിയും. അതുകൊണ്ടാണ് ജനപ്രതിനിധികളും സമ്മതം മൂളിയത്.

സംസ്ഥാനത്ത് വടക്കനാടൻ കൊമ്പൻ, കല്ലൂ‍ർ കൊമ്പൻ എന്നിവയെ ഇത് ഘടിപ്പിച്ച് നിരീക്ഷിച്ചിരുന്നു. നിലവിൽ കേരളത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനകളില്ല.

കാടു കാക്കാനിറങ്ങുന്നത് ശമ്പളം പോലും ഇല്ലാതെ; മൂന്നാർ ഡിവിഷനിൽ വാച്ചർമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ദുരിതം

 

Follow Us:
Download App:
  • android
  • ios