മീനിൽ  രാസവസ്തുക്കളുടെ സാന്നിദ്ധ്യം തടയുന്നതിനായി കൊച്ചി ആസ്ഥാനായ CIFT ആണ് 2018ൽ വിപ്ലവകരമായ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. 

കൊച്ചി: മീനിൽ (Fish) രാസസാന്നിദ്ധ്യം കണ്ടെത്താനുള്ള (test kit) പരിശോധന കിറ്റിന് വിപണിയിൽ ദൗർലഭ്യം. സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ച കിറ്റ് പുറത്തിറങ്ങി നാല് വർഷമായിട്ടും കിറ്റ് വേണ്ടവിധം ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. മുബൈ ആസ്ഥാനമായ സ്വകാര്യ കമ്പനി നിർമ്മിക്കുന്ന കിറ്റിനെ പറ്റി പൊതുജനങ്ങൾക്ക് അറിവില്ലെന്ന് ഉത്പന്നത്തിന്‍റെ വിതരണക്കാർ പറയുന്നു. റോഡ് സൈഡിലും, സൂപ്പർമാർക്കറ്റുകളിലും ഓൺലൈനായും വരെ നമുക്ക് മുന്നിലെത്തുന്ന പലതരം മീനുകൾ. വീട്ടിലെ തീൻമേശയിലെത്തുമ്പോൾ എത്ര കണ്ട് വിശ്വസിച്ച് കഴിക്കാം.

ക്യാൻസറിന് കാരണമാകുന്ന ഫോർമാൾഡിഹൈഡ്. വായിലും തൊണ്ടയിലും വയറ്റിലും മുറിവുണ്ടാക്കുന്ന അമോണിയ. ദിവസങ്ങളോളം മീൻ ഫ്രഷായി ഇരിക്കാൻ നടത്തുന്ന പൊടിക്കൈകൾ നശിപ്പിക്കുന്നത് മനുഷ്യന്‍റെ ആരോഗ്യം. മീനിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം തടയുന്നതിനായി കൊച്ചി ആസ്ഥാനായ CIFT ആണ് 2018ൽ വിപ്ലവകരമായ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കിറ്റിന്‍റെ പേറ്റന്‍റ് സ്വന്തമാക്കിയത് മുബൈ ആസ്ഥാനമായ ഹൈ മീഡിയ കമ്പനി. 342 വിലയുള്ള ഒരു കിറ്റിൽ നിന്ന് 25 തവണ പരിശോധന നടത്താം.

ഇത്ര എളുപ്പത്തിൽ വികസിപ്പിക്കാൻ കഴിയുന്ന കിറ്റ് വേണ്ട വിധം എത്തിയിട്ടില്ല. എന്ത് കൊണ്ടാണ് ഇത് ജനങ്ങളിലേക്ക് എത്താതെ പോകുന്നത്? കിറ്റ് നിർമ്മിക്കുന്ന കമ്പനിക്ക് സംസ്ഥാനത്തുള്ളത് രണ്ട് ഡീലർമാർ. കൊച്ചി ചിറ്റൂർ റോഡിലുള്ള scientific equipments and chemicals ഉം, ആലുവയിലെ modern scientific solutions ഉം. മീനിലെ മായം വീണ്ടും വാർത്തയായതോടെയാണ് പരിശോധന കിറ്റിന് നിലവിൽ അമ്പതിൽ താഴെ എങ്കിലും ആവശ്യക്കാരെത്തുന്നത്. സംസ്ഥാനത്ത് എവിടേയ്ക്കും കൊറിയർ വഴി അയക്കാൻ ഡീലർമാർ തയ്യാറെങ്കിലും അധികമാർക്കും ഉത്പന്നത്തെപറ്റി അറിവില്ല.

YouTube video player

സെയിലും കുറവാണ്, മാർജിനും കുറവാണ്, പിന്നെ എന്തിനാണ് ചെയ്യുന്നതെന്ന് ഒരു വിചാരം എല്ലാവർക്കുമുണ്ട്. ആൾക്കാർക്ക് അറിയില്ല, സത്യം പറഞ്ഞാൽ. ആളുകൾക്ക് ഇതിനെപ്പറ്റി അറിവില്ല. ടെസ്റ്റ് കിറ്റ് വിതരണ കമ്പനിയിലെ റോണി പറയുന്നു. കിറ്റ് വികസിപ്പിച്ച സമയത്ത് മത്സ്യഫെഡിന് ഉൾപ്പടെ പേറ്റന്‍റ് എടുക്കാൻ അവസരമുണ്ടായിട്ടും ഉപയോഗിച്ചില്ല. വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള ആലോചനകൾക്ക് സംസ്ഥാന സർക്കാരും മുൻകൈയെടുത്തില്ല.ഇതോടെ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമായിരുന്ന കണ്ടെത്തൽ വേണ്ടവിധം പ്രയോജനപ്പെടാത്ത അവസ്ഥയിലായി. രാസവസ്തു കലർത്തുന്ന വില്പനക്കാരനെ കണ്ടെത്തി ഒറ്റപ്പെടുത്തി നിയമനടപടിക്ക് വിധേയമാക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്. ആവശ്യക്കാർ കൂടിയാൽ വിപണിയിൽ കൂടുതൽ പരിശോധന കിറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് വിതരണക്കാർ.