'കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്'
പാലക്കാട് : പാലക്കാട് സിപിഎം കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകം വ്യക്തി വിരോധത്തെ തുടര്‍ന്നെന്ന പൊലീസ് വിശദീകരണത്തിനെതിരെ സിപിഎം. കൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും അതിന് പിന്നിൽ ആരുടെയോ പ്രത്യേക അജണ്ടയുണ്ടെന്നും സിപിഎം ആരോപിച്ചു. കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്. പ്രതികൾക്ക് ആര്‍എസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ചോദിച്ചു.
പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷബന്ധൻ പരിപാടി കഴിഞ്ഞു വന്നു. രാഖി ഉണ്ടാർന്നു' എന്നാല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആര്‍ എസ് എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നും അദ്ദേഹം ചോദിച്ചു. ആര്‍എസ്എസ് ചെയ്തത് എങ്ങനെ വ്യക്തിവിരോധം എന്ന് പൊലീസ് പറയുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ചോദിച്ചു. പ്രതികൾ ആരും സിപിഎം പാർട്ടി മെമ്പർമാർ ആയിരുന്നില്ല. ശബരീഷും അനീഷും പാർട്ടി മെമ്പർമാരല്ല. മുമ്പ് ഇരുവരും പാർട്ടിയുമായി അടുത്ത് നിന്നവരാണ്. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെയാണ് വിയോജിപ്പെന്ന എസ്പിയുടെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമര്‍ശിച്ച സിപിഎം, എസ്പി എന്ത് അറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നതെന്നും ചോദിച്ചു. എസ് പി അല്ല സിപിഎം. അന്വേഷണം കുറ്റമറ്റ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. എസ് പി പറയുന്നത് എല്ലാം എസ്പിയുടെ തോന്നലുകളാണെന്നും ഇ എൻ. സുരേഷ് ബാബു പരിഹസിച്ചു.
സിപിഎം പ്രവർത്തകനായ ഷാജഹാനെ കൊലപ്പെടുത്തിയതിന് കാരണം പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായ വളർച്ചയിലെ അതൃപ്തിയും വ്യക്തവിരോധവുമെന്നാണ് പൊലീസ് നിഗമനം. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പാലക്കാട് എസ് പി ആര് വിശ്വനാഥ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. പ്രതികൾക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീൻ, രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാൻ പൊട്ടിച്ചതും വിരോധം കൂട്ടി. 2019 മുതൽ തന്നെ ഷാജഹാനുമായി പ്രതികൾക്ക് വിരോധമുണ്ട്. ഷാജഹാൻ്റെ സിപിഎമ്മിലെ വളർച്ചയിൽ പ്രതികൾക്ക് എതിർപ്പുണ്ടായി. പ്രതികൾ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. ഇതോടൊപ്പം പ്രതികൾ രാഖി കെട്ടിയതും ഷാജഹാൻ ചോദ്യം ചെയ്തു. കൊലപാതക ദിവസം ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതിലും തർക്കം ഉണ്ടായി. ഈ തർക്കം കൊലപാതകത്തിലേക്ക് നയിച്ചു.
'ഷാജഹാനെ ഭീഷണിപ്പെടുത്തി എന്നത് കല്ലുവച്ച നുണ'; കുടുംബത്തിന്‍റെ ആരോപണത്തിന് മറുപടിയുമായി ബിജെപി
രാഖികെട്ടൽ, ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി ഫ്ലെക്സ് ബോർഡ് വയ്ക്കുന്നതിൽ അടക്കം ഷാജഹാനുമായി പ്രതികൾക്ക് പ്രശ്നം ഉണ്ടായി. പക മൂത്ത് പ്രതികൾ അവരുടെ വീട്ടിൽ നിന്ന് വാളുകൾ എടുത്തു കൊണ്ടുവന്ന് ഷാജഹാനെ വെട്ടുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.
